ന്യൂഡെല്‍ഹി: ഡെല്‍ഹി ബിജെപി അധ്യക്ഷന്‍ മനോജ് തിവാരിക്ക് സ്ഥാനചലനം. അദ്ദേശ് കുമാര്‍ ഗുപ്ത പുതിയ സംസ്ഥാന അധ്യക്ഷനായി സ്ഥാനമേല്‍ക്കുമെന്ന് ബിജെപി അറിയിച്ചു.
സിനിമ മേഖലയില്‍ നിന്ന് രാഷ്ട്രീയത്തില്‍ എത്തിയ മനോജ് തിവാരിയെ 2016ലാണ് ബിജെപി സംസ്ഥാന അധ്യക്ഷനായി നിയമിച്ചത്. ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയമാണ് മനോജ് തിവാരിയുടെ സ്ഥാനചലനത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഡല്‍ഹി തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറാന്‍ മനോജ് തിവാരി സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ തല്‍സ്ഥാനത്ത് തുടരാനായിരുന്നു ബിജെപി നിര്‍ദേശിച്ചത്. ഭോജ്പുരി സിനിമകളിലെ ശ്രദ്ധേയമായ വേഷങ്ങളിലൂടെയാണ് മനോജ് തീവാരി അറിയപ്പെട്ടത്.
അരവിന്ദ് കെജരിവാളിന്റെ നേതൃത്വത്തിലുളള സര്‍ക്കാരിനെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താന്‍ കഴിയാതിരുന്നതാണ് സ്ഥാനചലനത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്തിടെ ലോക്ക്ഡൗണിനിടെ നിയന്ത്രണങ്ങള്‍ ലംഘിച്ച് മനോജ് തിവാരി ക്രിക്കറ്റ് കളിച്ചത് വിവാദമായിരുന്നു.