ദിസ്‌പൂർ: അസമിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ 20 പേർ മരിച്ചു. തെക്കൻ അസമിലെ ബരാക് വാലി മേഖലയിലെ മൂന്ന് വ്യത്യസ്ത ജില്ലകളിൽ നിന്നുള്ളവരാണ് മരിച്ചത്. മരിച്ചവരിൽ ഏഴ് പേർ കാച്ചർ ജില്ലയിൽനിന്നുള്ളവരാണ്. ഹൈലകണ്ഡി ജില്ലയിൽനിന്നുള്ള ഏഴ് പേരും കരിംഗഞ്ച് ജില്ലയിൽ ആറ് പേരും മരിച്ചു.
നിലവില്‍ തന്നെ വെളളപ്പൊക്കബാധിത പ്രദേശമായി മാറിയിരിക്കുകയാണ് അസം. അതിനിടെയാണ് ഉരുള്‍പൊട്ടല്‍ കൂടി സംസ്ഥാനത്ത് നാശം വിതച്ചിരിക്കുന്നത്.
പ്രദേശത്ത് രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. പരുക്കേറ്റവരെെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഏതാണ്ട് നാല് ലക്ഷത്തോളം പേർ മഴയെ തുടർന്നുള്ള വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നതായാണ് റിപ്പോർട്ടുകൾ. ഗോൽപാറ, നാഗോണ, ഹോജ ജില്ലകളെയാണ് വെള്ളപ്പൊക്കം രൂക്ഷമായി ബാധിച്ചിരിക്കുന്നത്. വെള്ളപ്പൊക്കത്തിൽ കഴിഞ്ഞ ദിവസം ആറ് പേർ മരിച്ചിരുന്നു. 348 ഗ്രാമങ്ങൾ വെള്ളത്തിനടിയിലാണ്.
27,000 ഹെക്ടറിലധികം വിളകൾക്ക് നാശനഷ്ടമുണ്ടായതായി അസം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി അറിയിച്ചു.