സംസ്ഥാനത്ത് ഇന്ന് സ്കൂൾ കോളജ് അധ്യയന വർഷത്തിന് തുടക്കം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ കോളജ് പുതിയ അധ്യയന വർഷത്തിന് ഇന്ന് തുടക്കം. ഇത്തവണ വിദ്യാർഥികൾക്ക് സ്കൂളുകളിലെത്താൻ അനുമതിയില്ലാത്തതിനാൽ പ്രവേശനോൽസവം ഇല്ല. കൊറോണ വ്യാപന നിയന്ത്രണങ്ങളുടെ പശ്ചാതലത്തിൽ പതിവിൽ നിന്ന് വ്യത്യസ്തമായി ഓൺലൈൻ ക്ലാസുകൾ വഴി ഇക്കുറി വീട്ടിലിരുന്നാണ് വിദ്യാർഥികളുടെ പഠനം.

ഒന്നു മുതൽ പ്ലസ്ടു വരെയുളള വിദ്യാർഥികൾക്കായുള്ള ഓൺലൈൻ ക്ലാസുകൾ ഇന്നുമുതൽ ആരംഭിക്കുകയാണ്. വിക്ടേഴ്സ് ചാനൽ വഴിയാണ് ക്ലാസുകൾ സംപ്രേഷണം ചെയ്യുക. ഓരോ വിഷയത്തിനും അരമണിക്കൂർ ദൈർഘ്യമുളള ക്ലാസുകളാണ് സംപ്രേക്ഷണം ചെയ്യുന്നത്. ഇതിനായി ക്ലാസുകളുടെ വിഷയം തിരിച്ചുളള ടൈംടേബിൾ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. സ്മാര്‍ട്ട്ഫോണും ടിവിയും ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ പഠനം ഉറപ്പാക്കുനുള്ള ശ്രമത്തിലാണ് വിദ്യാഭ്യാസ വകുപ്പ്.

ഇന്നത്തെ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാത്ത വിദ്യാര്‍ത്ഥികളുടെ കണക്കെടുത്ത് സൗകര്യം ഒരുക്കും. കുടുംബശ്രീയുടെ സഹകരണത്തോടെയാണ് അങ്കണവാടികളിലും സ്കൂളുകളിലും ഇത്തരം സൗകര്യം ഒരുക്കുക. ടിവിയും സ്മാര്‍ട്ട്ഫോണും ഇല്ലാത്ത രണ്ട് ലക്ഷം വിദ്യാര്‍ത്ഥികളെങ്കിലും സംസ്ഥാനത്തുണ്ടെന്നാണ് കണക്ക്.

ഇവരുടെ ഓണ്‍ലൈന്‍ പഠനം ഉറപ്പാക്കുകയാണ് വിദ്യാഭ്യാസ വകുപ്പിന് മുന്നിലെ വെല്ലുവിളി. ഇന്നത്തെ ക്ലാസുകള്‍ കഴിയുന്നതോടെ ഏതൊക്കെ കുട്ടികള്‍ക്കാണ് സംവിധാനങ്ങള്‍ ഇല്ലാത്തതെന്ന കൃത്യമായ കണക്കെടുക്കും. ഇവര്‍ക്ക് തൊട്ടടുത്ത വീടുകളില്‍ ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കാനുള്ള ശ്രമമാണ് ആദ്യം നടത്തുക. ഇതും സാധ്യമാകാത്ത വിദ്യാര്‍ത്ഥികള്‍ക്ക് പ്രാദേശിക ഭരണകൂടങ്ങളുടെ സഹായത്തോടെ സൗകര്യം ഒരുക്കും.

അംഗനവാടികള്‍, വായനശാലകള്‍, അക്ഷയ കേന്ദ്രങ്ങള്‍, സമീപത്തെ സ്കൂളുകള്‍ എന്നിവിടങ്ങളിലായിരിക്കും ഇത്. കുടുംബശ്രീയുടേയും തദ്ദേശ സ്വയംഭരണ വകുപ്പിന്‍റേയും സഹായവും ഇതിനായി തേടും. പിന്നോക്ക, തീരദേശ, ആദിവാസി മേഖലകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ഊന്നല്‍ നല്‍കിയായിരിക്കും ഓണ്‍ലൈന്‍ പഠന സംവിധാനം ഒരുക്കുന്നത്. വീടുകളില്‍ വര്‍ക്ക്ഷീറ്റ് എത്തിക്കാനുള്ള തീരുമാനവുമുണ്ട്. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് പ്രത്യേക സംവിധാനവും വിദ്യാഭ്യാസ വകുപ്പ് ഒരുക്കുന്നുണ്ട്.

അടിസ്ഥാന സൗകര്യങ്ങളില്ലാത്ത രണ്ട് ലക്ഷത്തോളം കുട്ടികളില്‍ ഏറെ പേരും ആദിവാസി , തീരദേശ മേഖലളില്‍ ഉളളവരാണ്. സ്വാഭാവികമായും കുടുംബശ്രീയും സര്‍ക്കാരും കൂടുതല്‍ ശ്രദ്ധ ഇവിടെ നല്‍കേണ്ടി വരും. ഒരാഴ്ചക്കം ഈ മേഖലകളെയെല്ലാം ഉള്‍പ്പെടെ ഓണ്‍ലൈന്‍ പഠനത്തിനു കീഴില്‍ കെൊണ്ടുവരാനാണ് ശ്രമം.

സംസ്ഥാനത്തെ സിബിഎസ്ഇ സ്കൂളുകളിലും ഓണ്‍ലൈൻ പഠനം തുടങ്ങുകയാണ്. ചെറിയ കുട്ടികള്‍ക്കായി രാവിലേയും വൈകീട്ടുമാണ് മിക്ക സ്കൂളുകളും ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. രക്ഷിതാക്കളുടെ സഹായം ഉറപ്പുവരുത്താനാണിത്.

ചില സ്കൂളുകളില്‍ ചെറിയക്ലാസുകളിലെ കുട്ടികള്‍ക്ക് രാവിലെ ഏഴ് മണി മുതല്‍ ഒൻപത് വരെ ക്ലാസുകള്‍ ഒരുക്കിയിട്ടുണ്ട്. ഈ സമയത്തും രക്ഷിതാക്കള്‍ക്ക് അടുത്തുനില്‍ക്കാൻ സാധിക്കും. എട്ടാം ക്ലാസ് മുതലുള്ള കുട്ടികള്‍ക്ക് പകല്‍ സമയത്തും ക്ലാസ് നടത്തും. സൂം, ഗൂഗിള്‍ മീറ്റ്, മൈക്രോസോഫ്റ്റ് ടീംസ്, ഗൂഗിള്‍ ക്ലാസ്റൂം എന്നീ ആപ്ലിക്കേഷനുകൾ വഴിയാണ് സ്വകാര്യ സ്കൂളുകളുടെ ഓണ്‍ലൈൻ പഠനം.