പ്രവാസിയുടെ പരിശോധനാഫലം വരുംമുമ്പേ ഡിസ്ചാര്‍ജ് ചെയ്ത സംഭവം; ആരോഗ്യ മന്ത്രി വിശദീകരണം തേടി

തിരുവനന്തപുരം: കുവൈറ്റിൽ നിന്ന് വിമാനത്തിൽ വന്നയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ച ശേഷം പരിശോധനാഫലം ലഭിക്കുന്നതിന് മുമ്പ് ഡിസ്ചാര്‍ജ് ചെയ്ത സംഭവത്തില്‍ ആരോഗ്യ മന്ത്രി കെകെ ശൈലജ ആശുപത്രി സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് തേടി. അന്വേഷണത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

രോഗലക്ഷണമില്ലാത്തവരെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യപ്പെടാതെ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് അയക്കാമെന്ന് കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങള്‍ ഉണ്ടെങ്കിലും പോസിറ്റീവ് കേസുകളില്‍ കേരളം അങ്ങനെ തീരുമാനിക്കാറില്ല. സ്രവ പരിശോധനയ്ക്ക് സാമ്പിള്‍ എടുത്ത് കഴിഞ്ഞാല്‍ റിസള്‍ട്ട് വരുന്നത് വരെ കാത്ത് നില്‍ക്കേണ്ടതുണ്ട്. അതിനിടയില്‍ രോഗിയെ ആംബുലന്‍സില്‍ വീട്ടിലെത്തിക്കുകയാണ് ചെയ്തത്. എന്തുകൊണ്ടാണ് നടപടിക്രമം കൃത്യമായി പാലിക്കാതിരുന്നതെന്ന് അന്വേഷിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

കുവൈറ്റിൽ നിന്ന് ഇന്നലെ വന്ന ആലങ്കോട് സ്വദേശിയെയാണ് വീട്ടിലേക്ക് വിട്ടത്.വിമാനത്താവളത്തിലെത്തിലെ പരിശോധനയിൽ രോഗലക്ഷണങ്ങൾ കണ്ടതോടെ ഇയാളെ തിരുവനന്തപുരം മെഡിക്കൽകോളേജിലേക്ക് മാറ്റി. അവിടെ സ്രവം എടുത്ത ശേഷം വീട്ടിലേക്ക് പറഞ്ഞയക്കുകയായിരുന്നു. രോഗലക്ഷണമുള്ള ആളെ നീരിക്ഷണത്തിന് വയ്ക്കാതെ വീട്ടിലേക്ക് അയച്ച ഗുരുതരമായ വീഴ്ചയാണ് മെഡിക്കൽകോളേജ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത്. വിദേശത്ത് നിന്ന് വരുന്ന എല്ലാവരും 7ദിവസം സർക്കാർ നീരിക്ഷണത്തിൽ കഴിയണമെന്ന നിർദ്ദേശവും പാലിക്കപ്പെട്ടില്ല.