കൊച്ചി: ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയയായ ലീന ആരോഗ്യവതിയായി തിങ്കളാഴ്ച ലിസി ആശുപത്രി വിട്ടു. അവയവദാനത്തിന്റെ മഹത്വം മനസിലാക്കി ലീനയുടെ മക്കള്‍ ഷിയോണയും ബേസിലും യാത്രയയപ്പ് ചടങ്ങില്‍ അവയവദാന പ്രതിജ്ഞ ചൊല്ലുകയും സമ്മതപത്രം കൈമാറുകയും ചെയ്തു. മേയ് ഒമ്പതിനാണ് മസ്തിഷ്‌ക മരണം സംഭവിച്ച തിരുവനന്തപുരം ചെമ്പഴന്തി സ്വദേശി ലാലി ഗോപകുമാറിന്റെ ഹൃദയം എറണാകുളം ഭൂത്താന്‍കെട്ട് സ്വദേശി ലീനയിലേക്ക് തുന്നിചേര്‍ത്തത്.
തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ മസ്തിഷ്‌ക മരണം സംഭവിച്ച ലാലിയുടെ ഹൃദയം എയര്‍ ആംബുലന്‍സിലാണ് കൊച്ചിയിലെത്തിച്ചത്. സര്‍ക്കാര്‍ പോലീസിനുവേണ്ടി വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററാണ് എയര്‍ ആംബുലന്‍സായി ഉപയോഗിച്ചത്. അഞ്ച് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ഹൃദയം മാറ്റിവച്ചത്. അഞ്ചു ദിവസങ്ങള്‍ക്ക് ശേഷം തീവ്രപരിചരണവിഭാഗത്തില്‍ നിന്ന് മാറ്റിയ ലീന ഇപ്പോള്‍ പൂര്‍ണ്ണ ആരോഗ്യവതിയാണെന്ന് ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കും നേതൃത്വം നല്‍കിയ ഡോ. ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു.
ഡോ. ജേക്കബ് എബ്രഹാം, ഡോ. റോണി മാത്യു കടവില്‍, ഡോ. ഭാസ്‌കര്‍ രംഗനാഥന്‍, ഡോ. ജോ ജോസഫ്, ഡോ. ഷൈലേഷ് കുമാര്‍, ഡോ. ജീവേഷ് തോമസ്, ഡോ. സൈമണ്‍ ഫിലിപ്പോസ്, ഡോ. ജോബ് വില്‍സണ്‍, ഡോ. ഗ്രേസ് മരിയ, ഡോ. ആന്റണി ജോര്‍ജ്, ഡോ. ഹമീദ, നഴ്‌സിംഗ്, പാരാമെഡിക്കല്‍ ജീവനക്കാര്‍ എന്നിവര്‍ ശസ്ത്രക്രിയയിലും തുടര്‍ചികിത്സയിലും പങ്കാളികളായിരുന്നു. തുടര്‍പരിശോധനകള്‍ക്കും വിശ്രമത്തിനുമുള്ള സൗകര്യത്തിനായി വടുതലയിലുള്ള സഹോദരിയുടെ വീട്ടിലേക്കാണ് ലീന പോയത്. ആരോഗ്യമന്ത്രി കെ.ശൈലജ വീഡിയോ കോളിലൂടെ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്ത് ലിസി ആശുപത്രിയെയും ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തെയും അവയവദാന സമ്മതപത്രം നല്‍കിയ ലീനയുടെ മക്കളെയും അഭിനന്ദിച്ചു.
എറണാകുളം അങ്കമാലി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്റണി കരിയില്‍ പ്രഭാഷണം നടത്തി. കെഎന്‍ഒഎസ് മധ്യമേഖല നോഡല്‍ ഓഫീസര്‍ ഡോ. ഉഷ സാമുവല്‍ ഡോണര്‍ കാര്‍ഡ് നല്‍കി. എറണാകുളം അസി. പോലീസ് കമ്മീഷണര്‍ കെ.ലാല്‍ജി സംസാരിച്ചു. ഡയറക്ടര്‍ ഫാ. പോള്‍ കരേടന്‍, അസി. ഡയറക്ടര്‍മാരായ ഫാ. ജെറി ഞാളിയത്ത്, ഫാ. ഷനു മൂഞ്ഞേലി എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി. ലീനയുടേത് ലിസി ആശുപത്രിയില്‍ നടന്ന ഇരുപത്തിനാലാമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണ്. കേക്ക് മുറിച്ച് സന്തോഷം പങ്കു വച്ചാണ് ലീനയെ ലിസി ആശുപത്രിയില്‍ നിന്നും യാത്രയാക്കിയത്. ഷിയോണ എം ടെക് വിദ്യാര്‍ഥിയും ബേസില്‍ നിയമ വിദ്യാര്‍ഥിയുമാണ്.