സിനിമാ ഷൂട്ടിംഗ് അനുവദിക്കും; ബസുകളിൽ എല്ലാ സീറ്റിലും യാത്ര ചെയ്യാം

തിരുവനന്തപുരം: കൊറോണ വ്യാപനം തടയുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ സിനിമ മേഖലയ്ക്ക് ഇളവ് അനുവദിച്ചു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് നിയന്ത്രണങ്ങളോടെ സിനിമാ ഷൂട്ടിങ് പുനരാരംഭിക്കാന്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

50പേരെ വച്ച് സിനിമാ ഷൂട്ടിങ് നടത്താനാണ് അനുമതി നല്‍കുക. സ്റ്റുഡിയോയ്ക്ക്
അകത്തും ഈ പരിധി പാലിക്കണം. ചാനലിലെ ഇന്‍ഡോര്‍ ഷൂട്ടിങ്ങിനും നിയന്ത്രണമുണ്ട്. പരമാവധി 25 പേര്‍ മാത്രമേ ഇത്തരം പരിപാടികളില്‍ പങ്കെടുക്കാന്‍ പാടുളളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

തൊട്ടടുത്ത ജില്ലകള്‍ തമ്മില്‍ ബന്ധിപ്പിച്ച് കൊണ്ട് ബസ് സര്‍വീസ് പുനരാരംഭിക്കാന്‍ അനുവദിക്കുന്നത് ഉള്‍പ്പെടെ നിരവധി ഇളവുകളാണ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗരേഖയുടെ ചുവടുപിടിച്ചാണ് നടപടി.
അന്തര്‍ ജില്ലാ ബസുകളില്‍ എല്ലാ സീറ്റുകളിലും ഇരുന്ന് യാത്ര ചെയ്യാന്‍ അനുവദിക്കുമെന്ന് പിണറായി വിജയന്‍ പറഞ്ഞു. മുഖാവരണം ഉള്‍പ്പെടെയുളള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണം. സാനിറ്റൈസര്‍ ബസുകളില്‍ നിര്‍ബന്ധമാണ്. കാറില്‍ ഡ്രൈവര്‍ക്ക് പുറമേ മൂന്ന് പേര്‍ക്ക് കൂടി യാത്ര ചെയ്യും. ഓട്ടോറിക്ഷയില്‍ രണ്ടുപേര്‍ക്ക് യാത്ര ചെയ്യാനും അനുമതി നല്‍കി.

മറ്റു സംസ്ഥാനങ്ങളില്‍ നിന്ന്് കേരളത്തില്‍ പ്രതിദിനം ജോലിക്കായി വരുന്നവര്‍ക്ക് താത്കാലിക പാസ് നല്‍കും.രണ്ടാഴ്ചത്തേയ്ക്കുളള പാസാണ് അനുവദിക്കുക എന്നും മുഖ്യമന്ത്രി പറഞ്ഞു.