ബക്‌സര്‍: ക്വാറന്റൈന്‍ കേന്ദ്രത്തിലെ അധികൃതരെ വെട്ടിലാക്കി യുവാവിന്റെ തീറ്റപ്രേമം. ബിഹാറിലെ ബക്‌സർ മഞ്ജവാരി ക്വാറന്റൈൻ കേന്ദ്രത്തിലാണ് യുവാവിന്റെ അമിത ആഹാരം അധികൃതരെ കുഴപ്പിക്കുന്നത്. അനൂപ് ഓജയെന്ന 23കാരന്റെ മെനു കേട്ടാൽ ആരും ഒന്ന് ഞെട്ടും. പ്രഭാത ഭക്ഷണത്തിനായി 40 ചപ്പാത്തി, ഉച്ചയ്ക്ക് 10 പ്ലേറ്റ് ചോറ് എന്നിങ്ങനെയാണ് അനൂപ് ഓജയുടെ കണക്ക്.
ക്യാമ്പില്‍ നിലവിൽ അന്തേവാസികളായി കുറച്ചു പേര്‍ മാത്രമാണ് ഉള്ളത്. എന്നാൽ ഇപ്പോൾ ഉണ്ടാക്കുന്ന ഭക്ഷണം എല്ലാവര്‍ക്കും തികയുന്നില്ലെന്നാണ് പരാതി. ഇത് അറിഞ്ഞതോടെ യുവാവിനെ നേരില്‍ കാണാന്‍ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചു. കുറഞ്ഞത് 10 പേര്‍ക്ക് നല്‍കാന്‍ കഴിയുന്ന ഭക്ഷണം ഓജ ഒറ്റയടിക്ക് കഴിക്കുന്നത് കണ്ട അവരും ഞെട്ടി.
ഓജയുടെ ക്വാറന്റൈന്‍ കാലാവധി അവസാനിക്കാനിരിക്കുകയാണ്. അദ്ദേഹത്തിന് ആവശ്യമായ ഭക്ഷണം കിട്ടാതെ പോവരുതെന്ന് ഞങ്ങള്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസര്‍ (ബി.ഡി.ഒ) അജയ്കുമാര്‍ വ്യക്തമാക്കി. അതേസമയം ക്വാറന്റൈന്‍ കേന്ദ്രത്തില്‍ താമസിക്കുന്ന കുടിയേറ്റ തൊഴിലാളികള്‍ക്കായി ഒരു ദിവസം ബിഹാറിന്റെ വിശേഷ വിഭവമായ ‘ലിറ്റി’ തയ്യാറാക്കിയപ്പോള്‍ ഓജ ഒറ്റയ്ക്ക് 85 എണ്ണമാണ് കഴിച്ചത്.