ന്യൂഡല്‍ഹി: അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കി. ഇനി മുതല്‍ അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് പ്രത്യേക പാസിന്റെ ആവശ്യമില്ലെന്ന് ലോക്ക്ഡൗണ്‍ അഞ്ചിന്റെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. എന്നാല്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് സംസ്ഥാനങ്ങള്‍ തീരുമാനിച്ചാല്‍, അതുമായി മുന്നോട്ടുപോകാന്‍ കേന്ദ്രം അനുമതി നല്‍കി. അതേസമയം മുന്‍കൂട്ടി തന്നെ പ്രഖ്യാപനം നടത്തണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു.
അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് പുറമേ സംസ്ഥാനങ്ങള്‍ക്ക് അകത്തുളള യാത്രകള്‍ക്കും നിയന്ത്രണങ്ങളില്ല. ശ്രമിക് തീവണ്ടികളും യാത്രാവണ്ടികളും ആഭ്യന്തര വിമാന യാത്രകളും വിദേശങ്ങളില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലേക്ക് തിരികെ കൊണ്ടുവരുന്നതും തുടരും. അന്തര്‍ സംസ്ഥാന ചരക്കുനീക്കവും അയല്‍രാജ്യങ്ങളിലേക്ക് കരാറുകളും ചട്ടങ്ങളും പാലിച്ച് കൊണ്ടുളള ചരക്കുനീക്കവും അനുവദിക്കുമെന്നും കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
നാലാംഘട്ട ലോക്ക്ഡൗണ്‍ നാളെ അവസാനിക്കാനിരിക്കേ, ജൂണ്‍ ഒന്നുമുതല്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചത്. ലോക്ക്ഡൗണ്‍ തീവ്രബാധിത മേഖലകളില്‍ മാത്രമാക്കി ചുരുക്കി. മറ്റിടങ്ങളില്‍ ഘട്ടം ഘട്ടമായി ലോക്ക്ഡൗണില്‍ നിന്ന് പുറത്തുകടക്കാന്‍ അനുവദിക്കുന്നതാണ് മാര്‍ഗരേഖ. എങ്കിലും സാമൂഹിക അകലം,മാസ്‌ക് ധരിക്കല്‍ ഉള്‍പ്പെടെ ചില നിയന്ത്രണങ്ങള്‍ തുടരുമെന്നും മാര്‍ഗരേഖയില്‍ പറയുന്നു.