വൈറസ് ലക്ഷണം; പ്രവാസിയെ വീട്ടിലേക്കയച്ചു; സ്രവ പരിശോധനയിൽ കൊറോണ

തിരുവനന്തപുരം: കൊറോണ ലക്ഷണത്തോടെ എത്തിയ പ്രവാസിയെ വീട്ടിലേക്കയച്ചു. കുവൈറ്റിൽ നിന്നെത്തിയ 42കാരനെയാണ് സ്രവം എടുത്തശേഷം വീട്ടിലേക്കയച്ചത്. കൊറോണ പരിശോധനാഫലം പോസിറ്റിവ് ആയതോടെ വന്‍ വീഴ്ചയാണ് വെളിച്ചത്തായത്.

ഇയാള്‍ വീട്ടിലേക്കുപോയത് സ്വകാര്യവാഹനത്തിലാണ്. വിമാനത്താവളത്തില്‍ നിന്ന് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്ത കേസിലാണ് വീഴ്ച. കൊറോണ സ്ഥിരീകരിച്ചശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തിരിച്ചെത്തിച്ചു. ആലങ്കോട് സ്വദേശിക്ക് കുവൈത്തില്‍ വച്ചും കൊറോണ ബാധിച്ച് സുഖംപ്രാപിച്ചിരുന്നു.

സംസ്ഥാനത്ത് 61 പേര്‍ക്കു കൊറോണ സ്ഥിരീകരിച്ചു. ഇതില്‍ 20 പേര്‍ വിദേശത്ത് നിന്നും (യുഎഇ.8, കുവൈറ്റ്5, ഒമാന്‍4, സൗദി അറേബ്യ1, ഖത്തര്‍1, മാലിദ്വീപ്1) 37 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ (മഹാരാഷ്ട്ര20, തമിഴ്‌നാട്6, ഡല്‍ഹി5, കര്‍ണാടക4, ഗുജറാത്ത്1, രാജസ്ഥാന്‍1) നിന്നും വന്നതാണ്. 4 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. പാലക്കാട്, കൊല്ലം ജില്ലകളിലുള്ള 2 പേര്‍ക്ക് വീതമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ചികിത്സയിലായിരുന്ന 15 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 670 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 590 പേര്‍ രോഗമുക്തരായി.