കോട്ടയം: വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ എഡിജിപി ടോമിൻ ജെ തച്ചങ്കരി നൽകിയ വിടുതൽ ഹർജി കോടതി തള്ളി. തച്ചങ്കരിക്കെതിരെ തെളിവുണ്ടെന്ന് കോടതി വ്യക്തമാക്കി.
കോട്ടയം വിജിലൻസ് കോടതിയുടേതാണ് നടപടി. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് 65 ലക്ഷം രൂപ സമ്പാദിച്ചെന്നാണ് ടോമിൻ ജെ തച്ചങ്കരിക്കെതിരായ കേസ്.
തച്ചങ്കരി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌ത് 2003-2007 കാലയളവിൽ 65,70,891 രൂപ സമ്പാദിച്ചെന്നാണ് വിജിലൻസ് റിപ്പോർട്ട്. തച്ചങ്കരിക്കെതിരെ തൃശൂർ സ്വദേശി പി.ഡി.ജോസഫ് നൽകിയ പരാതിയാണ് വിജിലൻസ് അന്വേഷിച്ചത്.
ജോസഫിന്റെ പരാതിയിൽ 2007 ജൂലൈ അഞ്ചിന് തച്ചങ്കരിയുടെ കൊച്ചിയിലെ റിയാൻ സ്റ്റുഡിയോ അടക്കം ആറിടങ്ങളിൽ റെയ്‌ഡ് നടത്തിയാണ് വിജിലൻസ് കേസെടുത്തത്.