ന്യൂഡെൽഹി: ആഗ്രയിൽ 127 കിലോമീറ്റർ വേഗതയിൽ വെള്ളിയാഴ്ച വീശിയ കൊടുങ്കാറ്റിൽ താജ്മഹലിന്റെ മാർബിൾ റെയിലിങ്ങിന് നാശമുണ്ടായി. കൊടുങ്കാറ്റ് നഗരത്തിൽ ഗുരുതരമായ നാശനഷ്ടമാണ് ഉണ്ടാക്കിയത്.
വെള്ളിയാഴ്ച 50 മിനിറ്റോളം നീണ്ടു നിന്ന കാറ്റിൽ നാല് പേർ മരിക്കുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ നടത്തിയ പ്രാഥമിക വിലയിരുത്തൽ പ്രകാരം പ്രധാന താഴികക്കുടത്തിന്റെ മാർബിൾ റെയിലിംഗിന്റെ വലിയൊരു ഭാഗം കൊടുങ്കാറ്റ് മൂലം നശിച്ചിട്ടുണ്ട്. ചമേലി പ്ലാറ്റ്‌ഫോമിലെ റെഡ് സാൻറ് സ്റ്റോൺ റെയിലിംഗിനും കേടുപാടുകൾ സംഭവിച്ചു.
നാശനഷ്ടങ്ങളുടെ അന്തിമ വിലയിരുത്തലിന് കുറച്ച് ദിവസമെടുക്കുമെന്ന് എ.എസ്.ഐ സൂപ്രണ്ടിംഗ് ആർക്കിയോളജിസ്റ്റ് ബസന്ത് കുമാർ സ്വാർങ്കർ പറഞ്ഞു. ഇതുവരെ താജ്മഹലിന് മാത്രമാണ് നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ശേഷിക്കുന്ന സ്മാരകങ്ങൾ പരിശോധിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിചേർത്തു.