പെരുമ്പാവൂർ: കുറുപ്പംപടിയിലെ സ്വകാര്യ പണമിടപാട് സ്ഥാപനമുടമ ആർ. അനിൽകുമാറിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് ബന്ധുക്കൾ. പോസ്റ്റ്‌മോർട്ടം നടത്തി വിവരങ്ങൾ പുറത്തുവരുന്നതിന് മുമ്പേ ആത്മഹത്യയെന്ന് ചിലർ പ്രചരിപ്പിച്ചതിനെത്തുടർന്നായിരുന്നു സംശയങ്ങളുടെ തുടക്കം.
മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് മരണവെപ്രാളം കാണിച്ചതിന്റെ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. മൊബൈൽ ഫോൺ ചാർജു ചെയ്യാൻ കുത്തിയിട്ട നിലയിലായിരുന്നു. മൊബൈൽ ചാർജ് ചെയ്യാൻ വച്ചതിനു ശേഷം ആരെങ്കിലും ആത്മഹത്യ ചെയ്യുമോ? മൃതദേഹം കണ്ടെത്തുന്ന സമയത്ത് ഓഫീസ് മുറിയിൽ ഫാൻ കറങ്ങുന്നുണ്ടായിരുന്നു എന്നും ബന്ധുക്കൾ പറയുന്നു. പെട്രോൾ വാങ്ങിയത് മുടിക്കകരായിയിലുള്ള പമ്പിൽ നിന്നാണ്. പമ്പിൽ നിന്നും കുറുപ്പംപടിയിലേക്ക് അഞ്ച് മിനിറ്റുകൊണ്ട് എത്താം. എന്നാൽ 40 മിനിറ്റിന് ശേഷമാണ് അനിൽ കുറുപ്പംപടിയിലെത്തിയത്. ഇതിൽ ദുരൂഹതയുണ്ട്. വേങ്ങൂരിലുള്ള ഒരാൾക്ക് വലിയൊരു തുക പലിശക്ക് നൽകിയിരുന്നു. മരിക്കുന്നതിന് മുമ്പ് ഈ തുക തിരികെ വാങ്ങാൻ ശ്രമം നടത്തിയിരുന്നു. അനിലിൻ്റെ ഫോണിലെ കോൾ ഹിസ്റ്ററി ബന്ധുക്കൾക്ക് നൽകിയില്ലെലെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
കേസ്പ്രത്യേക അന്വേഷണ സംഘത്തെ ഏൽപ്പിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ ഹൈൈക്കോടതിയെ സമീപിക്കും.
ഞായറാഴ്ച വൈകിട്ടാണ് സ്ഥാപനത്തിന്റെ ഗോവണിപ്പടിയിൽ കത്തിക്കരിഞ്ഞ നിലയിൽ അനിൽ കുമാറിൻ്റെ മൃതദേഹം കണ്ടെത്തിയത്.
തീകൊളുത്തി ആത്മഹത്യചെയ്തെന്നാണ് പൊലീസ് ഭാഷ്യം. ചെറുകുന്നത്തെ പെട്രോൾപമ്പിൽ നിന്ന് അനിൽകുമാർ പെട്രോൾ വാങ്ങിപ്പോകുന്നതിന്റെ സി.സി ടി.വി ദൃശ്യങ്ങൾ ലഭിച്ചുവെന്നും പൊലീസ് പറയുന്നു. എന്നാൽ ഇൻക്വസ്റ്റ് തയ്യാറാക്കാതെ മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റിയ പൊലീസ് നടപടിയിൽ ദുരുഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ഞായറാഴ്ച മകനെത്തുമ്പോൾ സ്ഥാപനം തുറന്നുകിടക്കുന്ന നിലയിലായിരുന്നു.