കൊല്ലം ജില്ലയിൽ രാത്രി യാത്രക്ക് നിരോധനം

കൊല്ലം: ജില്ലയിൽ രാത്രി യാത്രക്ക് നിരോധനം ഏർപ്പെടുത്തി. കൊറോണ ബാധിതരായവർ ജില്ലയിൽ കൂടുന്ന സാഹചര്യത്തിലാണ് അതീവജാഗ്രത. രാത്രി എട്ട് മുതൽ രാവിലെ ആറ് വരെയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

അയൽ സംസ്ഥാനങ്ങളിൽ നിന്ന് ചരക്കു വാഹനങ്ങളിലും മറ്റും ആളുകൾ അതിർത്തി കടക്കുന്നത് കണ്ടെത്തിയ സാഹചര്യത്തിലാണ് രാത്രിയാത്രക്ക് നിരോധനം ഏർപ്പെടുത്തുന്ന ഘട്ടത്തിലേക്ക് ജില്ല നീങ്ങിയത്.

പൊതുജനങ്ങൾ സാമൂഹിക അകലം പാലിക്കുകയും അത്യാവശ്യത്തിനല്ലാത്ത യാത്രകൾ ഒഴിവാക്കുകയും വേണം. ഇതുവരെ നേടിയ രോഗ നിയന്ത്രണം നിലനിർത്തുന്നതിന് പിഴവുകളില്ലാത്ത പ്രതിരോധം മാത്രമേ വഴിയുള്ളൂ. കൊറോണ നിയന്ത്രണത്തിന് മാസ്കും സാനിറ്റൈസറും ശീലമാക്കുകയും കൈകൾ സോപ്പും വെള്ളവുമുപയോഗിച്ച് ഇടയ്ക്കിടെ കഴുകുകയും വേണം. സാമൂഹിക വ്യാപനം ചെറുക്കാൻ എല്ലാവരും ഒരുമിച്ച് പരിശ്രമിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.