കോട്ടയം: ജില്ലാ ആശുപത്രിയിൽ ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് നഴ്സുമാരുടെ അഭിമുഖം. ലോക്ക് ഡൗണായതിനാൽ ഏറെപ്പേരെത്തില്ലെന്നും വേണ്ടപ്പെട്ടവരെ തിരുകി കയറ്റാമെന്ന ചിലരുടെ കണക്കുകൂട്ടൽ ഒടുവിൽ പൊളിഞ്ഞു. സാമൂഹിക അകലം പാലിക്കാതെ നൂറുകണക്കിന് ആളുകളാണ് അഭിമുഖത്തിന് എത്തിയത്. ആശുപത്രി വികസന സമിതിയാണ് അഭിമുഖത്തിന് വിളിച്ചത്. 21 താത്കാലിക ഒഴിവുകളിലേക്കാണ് അഭിമുഖം നടത്തിയത്. 8 സ്റ്റാഫ് നഴ്സ്, 5 ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ തുടങ്ങി ഫാർമസിസ്റ്റ്, സ്വീപ്പർ തുടങ്ങിയ തസ്തികകളിലേക്കാണ് അഭിമുഖം നടത്തുമെന്ന് അറിയിച്ചിരുന്നത്.
അഭിമുഖത്തിൻ്റെ അറിയിപ്പ് പത്രമാധ്യമങ്ങളിലൂടെ നൽകിയിരുന്നു. നേരിട്ട് ഹാജരാകണമെന്നായിരുന്നു അറിയിപ്പ്. അധികൃതർ ഉദ്ദേശിച്ചതിലും കൂടുതൽ ഉദ്യോഗാർത്ഥികൾ എത്തിയതാണ് വിവാദമായത്. ആളുകളെ എങ്ങനെ നിയന്ത്രിക്കുമെന്ന് പൊലീസിനും ആശയക്കുഴപ്പമുണ്ടായി. രാവിലെ വിളിച്ച് അഭിമുഖം ഉണ്ടെന്ന് അറിയിച്ചിരുന്നു എങ്കിലും ഇത്രയധികം ആളുകൾ എത്തുമെന്ന് പൊലീസും കരുതിയിരുന്നില്ല. അതുകൊണ്ട് തന്നെ കുറച്ച് പൊലീസുകാരെ മാത്രമേ ഡ്യൂട്ടിക്ക് നിയമിച്ചുണ്ടായിരുന്നുള്ളൂവെന്ന് കോട്ടയം ഡിവൈഎസ്പി ശ്രീകുമാർ മാധ്യമങ്ങളോട് പറഞ്ഞു. ജില്ലയിലെ കൊറോണ ആശുപത്രിയാണ് കോട്ടയം ജില്ലാ ആശുപത്രി. സംഭവം വിവാദമായതോടെ അഭിമുഖം മറ്റൊരു ദിവസത്തിലേക്ക് മാറ്റിവച്ചുവെന്ന് ആശുപത്രി അധികൃതർ പൊലീസിനെ അറിയിച്ചു.