ന്യൂഡെൽഹി: വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നത് സംബന്ധിച്ച് ജൂലൈയില്‍ തീരുമാനമെടുക്കുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച് സ്‌കൂളുകളും കോളജുകളും തുറക്കുന്ന കാര്യം തീരുമാനിക്കുമെന്ന് കേന്ദ്ര മാർഗരേഖയിൽ പറയുന്നു.
ലോക്ക്ഡൗണിന്റെ അഞ്ചാം ഘട്ടത്തില്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകളാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ആരാധനാലയങ്ങള്‍ക്കും ഹോട്ടലുകള്‍ക്കും പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയതാണ് ഇതില്‍ പ്രധാനം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജൂണില്‍ തുറക്കാന്‍ അനുവദിക്കില്ല.
സ്‌കൂളുകള്‍ കോളജുകള്‍ അടക്കമുളള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്ന കാര്യത്തില്‍ ജൂലൈയില്‍ തീരുമാനമെടുക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്. ഇതിന് മുന്നോടിയായി സംസ്ഥാനങ്ങള്‍ കേന്ദ്രഭരണ പ്രദേശങ്ങള്‍ എന്നിവയുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തും. ഇതിന്റെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുക്കും. അതിനിടെ, രക്ഷിതാക്കള്‍ ഉള്‍പ്പെടെയുളളവരുമായി സംസ്ഥാന സര്‍ക്കാരുകളും കേന്ദ്ര് ഭരണ പ്രദേശങ്ങളും ചര്‍ച്ച നടത്തണമെന്നും കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
വിദ്യാഭ്യാസ സ്ഥാപനം തലത്തില്‍ സംസ്ഥാന സര്‍ക്കാരുകളും കേന്ദ്ര ഭരണപ്രദേശങ്ങളും ചര്‍ച്ച നടത്തണം. അതിന്റെ അടിസ്ഥാനത്തില്‍ സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് ഏകദേശം ധാരണയുണ്ടാക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിക്കുന്നു. സംസ്ഥാനങ്ങള്‍ നല്‍കുന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് വിശദമായ മാര്‍ഗരേഖയ്ക്ക് രൂപം നല്‍കുമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു.