താനെ : കൊറോണ ബാധിച്ചു മരിച്ച സ്ത്രീയുടെ പൊതിഞ്ഞ ബാഗ് തുറന്ന പതിനെട്ട് പേർക്ക് കൊറോണ സ്ഥിരീകരിച്ചു.
മുംബൈയിലെ താനെയിൽ ഉലഹന്‍സ്‌നഗര്‍ എന്ന സ്ഥലത്താണ് സംഭവം.
മെയ് 25 നാണ് 40 കാരിയായ സ്ത്രീ കൊറോണ ലക്ഷണങ്ങൾ കാണിച്ചു മരിച്ചത്. അതുകൊണ്ട് തന്നെ പ്രത്യേക ബാഗിൽ പൊതിഞ്ഞായിരുന്നു ഇവരുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറിയത്. ഒരു കാരണവശാലും ബാഗ് തുറക്കരുതെന്നും സംസ്കാരം ജാഗ്രതയോടുകൂടി മാത്രമേ നടത്താവൂ എന്നും നിർദേശമുണ്ടായിരുന്നു.
എന്നാൽ ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ ലംഘിച്ച് ഇവരുടെ മൃതദേഹം പൊതിഞ്ഞ ബാഗ് ബന്ധുക്കൾ തുറന്നിരുന്നു. മൃതദേഹം സംസ്കരിക്കാനായി ശ്മശാനത്തില്‍ കൊണ്ടുപോയ ബന്ധുക്കളാണ് നിര്‍ദേശങ്ങള്‍ ലംഘിച്ച് ബാഗ് തുറക്കുകയും മൃതദേഹത്തിൽ സ്പര്‍ശിക്കുകയും ചില ചടങ്ങുകള്‍ നടത്തുകയും ചെയ്തത് സംസ്കാര ചടങ്ങിൽ നൂറോളം പേർ പങ്കെടുക്കുകയും ചെയ്തു.
എന്നാൽ പിന്നീട് മരിച്ച സ്ത്രീയുടെ കൊറോണ പരിശോധന ഫലം വന്നപ്പോൾ ഇവർക്ക് കൊറോണ പോസിറ്റീവ് ആയിരുന്നു എന്ന് കണ്ടെത്തിയത്. തുടർന്ന് മൃതദേഹവുമായി ഇടപഴകിയവരെ പിന്നീട് ക്വാറന്റീനിൽ ആക്കുകയും കൊറോണ പരിശോധന നടത്തുകയും ചെയ്തു. ഇതിൽ പതിനെട്ട് പേർക്ക് കൊറോണ പോസിറ്റീവ് ആകുകയായിരുന്നു.
സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍ ഇപ്പോൾ. തങ്ങള്‍ നല്‍കിയ നിര്‍ദേശങ്ങള്‍ പാലിക്കാതിരുന്നതാണ് ഇത്രയും പേര്‍ക്ക് വൈറസ് പകരാന്‍ കാരണമായതെന്നും നിര്‍ദേശം ലംഘിച്ച് മൃതദേഹം പൊതിഞ്ഞ ബാഗ് തുറന്നവര്‍ക്കെതിരെയും സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തവര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് ഉലഹന്‍സ്‌നഗര്‍ പൊലീസ് അറിയിച്ചു.
ആവർത്തിച്ചുള്ള ഞങ്ങളുടെ അഭ്യർത്ഥനകൾ ഉണ്ടായിരുന്നിട്ടും, അവർ അതൊന്നും വകവെച്ചിരുന്നില്ല, ഇപ്പോൾ മറ്റു പലർക്കും വൈറസ് ബാധ യുണ്ടായെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്.