പശ്​ചിമബംഗാളിൽ ആരാധനാലയങ്ങൾ ജൂൺ ഒന്ന്​ മുതൽ തുറക്കും

കൊൽക്കത്ത: പശ്ചിമബംഗാളിലെ എല്ലാ ആരാധനാലയങ്ങളും ജൂൺ ഒന്ന്​ മുതൽ തുറക്കുമെന്ന്​ മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചു. അതേസമയം ആരാധനാലയങ്ങളിൽ 10ൽ കൂടുതൽ ആളുകൾക്ക്​ പ്രവേശനാനുമതിയുണ്ടാവില്ല.

രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ക്ഡൗണിന്റെ നാലാംഘട്ടം അവസാനിക്കാന്‍ രണ്ടുദിവസം മാത്രം അവശേഷിക്കേയാണ് മമതയുടെ പ്രതികരണം. 

നിയന്ത്രണങ്ങളോടെ മാത്രമേ വിശ്വാസികളെ ആരാധനാലയങ്ങളിലേക്ക് കടത്തിവിടുകയുള്ളൂ. പത്തുപേരില്‍ കൂടുതല്‍ പേരെ ഒരേ സമയം പ്രവേശിപ്പിക്കാന്‍ അനുവദിക്കുകയില്ല. സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായാണ് ഈ നിയന്ത്രണം എന്നും മമത പറഞ്ഞു.

ക്ഷേത്രങ്ങൾ, മുസ്ലീം പള്ളികൾ, ഗുരുദ്വാരകൾ, ക്രിസ്ത്യൻ പള്ളികൾ തുടങ്ങിയവ തുറക്കുമെന്ന് അവർ പറഞ്ഞു.കൂടാതെ തേയില, ചണം വ്യവസായങ്ങൾ ജൂൺ ഒന്നു മുതൽ 100 ശതമാനം തൊഴിലാളികളുമായി തുറന്നു പ്രവർത്തനം ആരംഭിക്കാമെന്നും മമത ബാനർജി പറഞ്ഞു. എല്ലാ സർക്കാർ, സ്വകാര്യ ഓഫീസുകളും പൂർണ്ണ തോതിൽ തുറന്നു പ്രവർത്തിക്കും.

കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ കൊറോണ വ്യാപനം നിയന്ത്രിക്കുന്നതിൽ പശ്ചിമ ബംഗാൾ വിജയിച്ചുവെന്നും പുറത്തുനിന്നുള്ള ആളുകൾ വരുന്ന സാഹചര്യത്തിൽ കേസുകൾ ഇപ്പോൾ വർദ്ധിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.