കൊറോണയുടെ മറവിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമയം മാറ്റി; ക്ലാസുകൾ രാവിലെ 8.30 മുതൽ 1.30 വരെ

തിരുവനന്തപുരം : ഒരു വെടിക്ക് രണ്ടു പക്ഷി. കൊറോണയുടെ മറവിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമയം മാറ്റി സർക്കാർ തീരുമാനം പുറത്തിറങ്ങി. ക്ലാസുകൾ യഥാക്രമം രാവിലെ 8.30 മുതൽ ഉച്ചക്ക് 1.30 വരെ മാത്രമേ ഓൺലൈൻ ക്ലാസുകൾ നടത്താൻ പാടുള്ളുവെന്നാണ് പുതിയ നിർദ്ദേശം. നേരത്തേ ഉന്നത വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കാനിരുന്ന തീരുമാനത്തിനെതിരേ അധ്യാപക സംഘടനകൾ പ്രതിഷേധമുയർത്താനിരിക്കെയാണ് പുതിയ തീരുമാനം.

സംസ്ഥാനത്തെ എല്ലാ കോളേജുകളും മറ്റു ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ അക്കാദമിക് വർഷത്തെ അധ്യയന ദിനങ്ങൾ നഷ്ടമാകാത്ത രീതിയിൽ ജൂൺ ഒന്നിനു തന്നെ ഓൺലൈൻ ക്ലാസുകൾ പുനരാരംഭിക്കണമെന്നു ഉന്നതവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. എന്നാൽ വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശങ്ങൾ അനുസരിച്ചു കൊണ്ട് മാത്രമേ ക്ലാസുകൾ പുനരാരംഭിക്കാവു.

അന്തർ ജില്ല ഗതാഗതം പുനരാരംഭിക്കുന്നതുവരെ കോളേജുകൾ സ്ഥിതി ചെയ്യുന്ന ജില്ലയിൽ താമസിക്കുന്ന അധ്യാപകർ പ്രിൻസിപ്പൽ നിശ്ചയിക്കുന്ന പ്രകാരം കോളേജിൽ എത്തുകയും മറ്റുള്ളവർ അവരവരുടെ വീടുകളിൽ ഇരുന്നു ഓൺലൈൻ ക്ലാസുകൾ നടത്തുകയും വേണമെന്നും ഓരോ അധ്യാപകർ എടുത്ത ക്ലാസുകൾ സംബന്ധിച്ചും അധ്യാപന രീതികളെ സംബന്ധിച്ചുമുള്ള ‘ റിപോർട്ടുകൾ വകുപ്പ് മേധാവികൾ പ്രിൻസിപ്പിലിനു നൽകണമെന്നും അറിയിച്ചിട്ടുണ്ട് .

അതേസമയം ഓൺലൈൻ പഠനതിനായി ഏത് സോഫ്റ്റ്‌വെയർ ഉപയോഗിക്കണമെന്ന് കുട്ടികളുടെ എണ്ണം അനുസരിച്ചും സൗകര്യങ്ങൾ കണക്കാക്കിയും സ്ഥാപനം മേധാവികൾക്ക് തീരുമാനിക്കാം. അസാപ്പിന്റെയും ഐസിടി അക്കാദമിയുടെയും ഒറൈസിന്റെയും സാങ്കേതിക സംവിധാനങ്ങൾ ഓൺലൈൻ പഠനത്തിന് പൂർണമായും സൗജനമായി ഉപയോഗിക്കാമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്.

സ്വന്തം വീടുകളിൽ ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാൻ സൗകര്യമില്ലാത്ത വിദ്യാർഥികൾക്ക് തൊട്ടടുത്തുള്ള കോളേജുകളിലോ ലൈബ്രറികളിലോ അതിനുള്ള സംവിധാനം ഏർപ്പെടുത്തണമെന്നും വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിച്ചു. കൂടാതെ അധ്യാപകരും വിദ്യാർഥികളും ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. കോളേജുകളിൽ ക്ലാസുകൾ പുനരാരംഭിക്കുന്നതുവരെ ഓൺലൈൻ ക്ലാസുകൾ കൃത്യമായി തുടരണം എന്നും പ്രിൻസിപ്പലും സ്ഥാപന മേധാവികളും ഓൺലൈൻ ക്ലാസ്സുകളുടെ കാര്യത്തിൽ ഉറപ്പ് വരുത്തണമെന്നും വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിച്ചു.