എംപി വീരേന്ദ്രകുമാറിന് അന്തിമാഞ്ജലി

കൽപറ്റ: എംപി വീരേന്ദ്രകുമാറിന് അന്തിമാഞ്ജലി നൽകി കേരളം. കല്‍പ്പറ്റയിലെ പുളിയാര്‍മലയിലെ വീട്ടുവളപ്പിലെ കുടുംബ ശ്മശാനത്തിലായിരുന്നു സംസ്കാരം. മകൻ എംവി ശ്രെയാംസ്കുമാർ ചിതക്ക് തീ കൊളുത്തി. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.

പൊതുദർശനത്തിനു വെച്ചതിനു ശേഷം 4.40-ഓടെയാണ് മൃതദേഹം പുളിയാർമലയിലെ വീട്ടിൽനിന്ന് സമുദായ ശ്മശാനത്തിലെത്തിച്ചത്. ജൈന മതാചാര പ്രകാരമായിരുന്നു ചടങ്ങുകൾ. അഞ്ചുമണിയോടെ മകൻ എം.വി. ശ്രേയാംസ് കുമാർ ചിതയ്ക്ക് തീകൊളുത്തി. പൂർണ സംസ്ഥാന ബഹുമതികളോടെയായിരുന്നു സംസ്കാരം.

രാവിലെ മുതൽ അദ്ദേഹത്തിന് അന്ത്യാഞ്ജലിയർപ്പിക്കാൻ അണമുറിയാത്ത ജനപ്രവാഹമാണ് ഉണ്ടായിരുന്നത്. കൊറോണ പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് ഏറെ പേർ അന്ത്യാഞ്ജലിയർപ്പിച്ചു. ജനക്കൂട്ടമുണ്ടാകാതിരിക്കാൻ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തേണ്ടിവന്നത്.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെത്തുടർന്ന് വ്യാഴാഴ്ച രാത്രി 11.30ഓടെയായിരുന്നു എം.പി. വീരേന്ദ്രകുമാറിന്റെ അന്ത്യം സംഭവിച്ചത്. ചാലപ്പുറത്തെ വസതിയിൽ എത്തിച്ച ഭൗതികദേഹം രാവിലെയാണ് വയനാട്ടിലെ വീട്ടിലെത്തിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ്, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെസിബിസി പ്രസിഡൻ്റ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി എന്നിവരടക്കം നിരവധി പ്രമുഖർ അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.

സ്കൂൾവിദ്യാർഥിയായിരുന്ന കാലത്ത് സോഷ്യലിസ്റ്റ് പാർട്ടി നേതാവ് ജയപ്രകാശ് നാരായണാണ് പാർട്ടിയിൽ അംഗത്വം നൽകിയത്. അടിയന്തരാവസ്ഥക്കാലത്ത് സ്വത്തുക്കൾ കണ്ടുകെട്ടുകയും ജയിൽവാസമനുഭവിക്കുകയും ചെയ്തു. 1987ൽ കേരള നിയമസഭാംഗവും വനംവകുപ്പ് മന്ത്രിയുമായി. വനങ്ങളിലെ മരങ്ങൾ മുറിക്കരുതെന്നായിരുന്നു ആദ്യത്തെ ഉത്തരവ്. 48 മണിക്കൂറിനുള്ളിൽ മന്ത്രിസ്ഥാനം രാജിവെക്കുകയും ചെയ്തു. കേന്ദ്ര മന്ത്രിസഭയിൽ ധനകാര്യ സഹമന്ത്രിയും പിന്നീട് തൊഴിൽവകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയുമായിരുന്നു. 2004-09 കാലത്ത് പാർലമെന്റ് അംഗമായും പ്രവർത്തിച്ചു. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്നതിനിടെ 1979 നവംബർ 11ന് മാതൃഭൂമി പ്രിന്റിങ് ആൻഡ് പബ്ലിഷിങ് കമ്പനിയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായി നിയമിതനായി.

ബഹുരാഷ്ട്രക്കുത്തകകൾക്കെതിരായ പോരാട്ടത്തിലൂടെയും വിട്ടുവീഴ്ചയില്ലാത്ത പരിസ്ഥിതി നിലപാടുകളിലൂടെയും ശ്രദ്ധേയനായ ജനകീയനേതാവാണ് വീരേന്ദ്രകുമാർ. സോഷ്യലിസ്റ്റ് ആദർശങ്ങൾ നെഞ്ചേറ്റിയ രാഷ്ട്രീയനേതാവിയിരിക്കെത്തന്നെ എഴുത്തുകാരനും പ്രഭാഷകനും ചിന്തകനുമായി അദ്ദേഹം കേരളീയസമൂഹത്തിന് വഴികാട്ടി. ഹൈമവതഭൂവിൽ, ആമസോണും കുറെ വ്യാകുലതകളും, ഗാട്ടും കാണാച്ചരടുകളും, വിചിന്തനങ്ങൾ സ്മരണകൾ, ആത്മാവിലേക്ക് ഒരു തീർഥയാത്ര, ഡാന്യൂബ് സാക്ഷി, ഹൈമവതഭൂവിൽ, സ്മൃതിചിത്രങ്ങൾ ചങ്ങമ്പുഴ: വിധിയുടെ വേട്ടമൃഗം, ലോകവ്യാപാരസംഘടനയും ഊരാക്കുടുക്കുകളും, തിരിഞ്ഞുനോക്കുമ്പോൾ, പ്രതിഭയുടെ വേരുകൾ തേടി, അധിനിവേശത്തിന്റെ അടിയൊഴുക്കുകൾ, രോഷത്തിന്റെ വിത്തുകൾ, രാമന്റെ ദുഃഖം, സമന്വയത്തിന്റെ വസന്തം, ബുദ്ധന്റെ ചിരി തുടങ്ങി ഒട്ടേറെ സാഹിത്യകൃതികളുടെ കർത്താവാണ്.