കൊറോണ ആശുപത്രിയിൽ വെള്ളമില്ല; വേവിക്കാത്ത ഭക്ഷണം; പ്രതിഷേധവുമായി രോഗികൾ

ലക്നൗ: ഉത്തർപ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഭക്ഷണമോ വെള്ളമോ ലഭിക്കുന്നില്ലെന്ന പരാതിയുമായി കൊറോണ രോഗികൾ. ആശുപത്രിയിൽ ഭക്ഷണവും വെള്ളവും ലഭിക്കാത്തതിന്റെ പേരിൽ പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുയാണ് രോഗികൾ. സംഭവത്തിന്റെ വിഡിയോ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

പ്രയാഗ്‍രാജിലെ കൊത്വ ബാനി മേഖലയിലെ എല്‍ 1 കാറ്റഗറിയില്‍പ്പെട്ട കൊറോണ ആശുപത്രിയിലാണ് രോഗികള്‍ പ്രതിഷേധിക്കുന്നത്.” നിങ്ങള്‍ ഞങ്ങളെ മൃഗങ്ങളെപ്പോലെയാണ് കാണുന്നത്. ഞങ്ങളെന്താ മൃഗങ്ങളാണോ? ഞങ്ങള്‍ക്കെന്താ വെള്ളം വേണ്ടെ എന്നാണ് പ്രതിഷേധക്കാർ ചോദിക്കുന്നത്. ആശുപത്രിയിൽ ജലവിതരണം പുനഃസ്ഥാപിക്കുന്നതിൽ അധികൃതർ പരാജയപ്പെട്ടതിനെ തുടർന്നാണ് പ്രതിഷേധം നടന്നത്.

ഇവർക്ക് ശരിയായ രീതിയിലുള്ള ഭക്ഷണം ലഭിക്കുന്നില്ലെന്നു പരാതിയുണ്ട്. കിട്ടുന്നത് പകുതി വേവിച്ചതാണെന്ന് ഒരു വയോധികൻ പറയുന്നത്. അതേസമയം നല്ല സൗകര്യങ്ങള്‍ക്കായി പണം നല്‍കാമെന്ന് ചിലര്‍ വാഗ്ദാനം ചെയ്യുന്നുണ്ടായിരുന്നു. നിങ്ങള്‍ക്ക് പണമില്ലെങ്കില്‍ ഞങ്ങള്‍ തരാം. ഇതേ അവസ്ഥ തുടര്‍ന്നാല്‍ ഞങ്ങള്‍ ആശുപത്രി വിട്ട് വീട്ടില്‍പോകുമെന്ന് അധികൃതരോട് പറയൂ’ എന്നു ഒരു സ്ത്രീ ഉറച്ചു വിളിച്ച് പറയുന്നുണ്ട്.

എന്നാൽ ആശുപത്രിയില്‍ വെള്ളം ലഭിക്കാത്ത അവസ്ഥ രണ്ട് മണിക്കൂറിനുള്ളില്‍ പരിഹരിച്ചുവെന്ന് പ്രയാഗ്‍രാജ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ശുദ്ധജലം ലഭിക്കാന്‍ പ്രയാസമുണ്ടായിരുന്നു. അത് വൈദ്യുതീയുടെ പ്രശ്നമായിരുന്നുവെന്നും അദ്ദേഹം പറയുന്നത്.

ഉത്തർ പ്രദേശിൽ കൊറോണ ആശുപത്രികളെക്കുറിച്ചോ, ക്വാറന്റീൻ സൗകര്യങ്ങളെക്കുറിച്ചോ രോഗികൾ പരാതിപ്പെടുന്നത് ഇത് ആദ്യമായിയല്ല. ആഗ്ര അടക്കമുള്ള ജില്ലകളില്‍നിന്നും സമാനസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.