ഉംഫുന്‍ ചുഴലി; കനത്ത മഴയില്‍ അസമില്‍ രൂക്ഷമായ വെള്ളപ്പൊക്കം

ദിസ്പൂർ : ഉംഫുന്‍ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി പെയ്യുന്ന കനത്ത മഴയില്‍ അസമില്‍ രൂക്ഷമായ വെള്ളപ്പൊക്കം.  11 ജില്ലകളിലായി മൂന്നുലക്ഷം പേരെയാണ് വെള്ളപ്പൊക്കം ബാധിച്ചിരിക്കുന്നത്.

ഗോൾപാറ, ടിൻസുകിയ, നൽബാരി, ദിബ്രുഗഡ്, ലഖിംപൂർ, ദാരംഗ്, ധേമാജി എന്നി സ്ഥലങ്ങളിൽ വെള്ളപ്പൊക്കം രൂക്ഷമായി ബാധിച്ചതായി അസം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (എ.എസ്.ഡി.എം.എ) സ്ഥിരീകരിച്ചു. ഇവിടത്തെ മാത്രം 1.95 ലക്ഷത്തോളം ആളുകളെ ബാധിക്കുകയും ആയിരം ഹെക്ടറിലധികം വിളനിലങ്ങൾ വെള്ളപ്പൊക്കത്തിൽ മുങ്ങുകയും ചെയ്തു.

പേമാരിയെ തുടർന്ന് ബ്രഹ്മപുത്ര നദി കരകവിഞ്ഞതോടെയാണ് മാസങ്ങൾക്ക് ശേഷം അസം വീണ്ടും വെള്ളപ്പൊക്കത്തെ നേരിടേണ്ടി വന്നത്. വെള്ളപ്പൊക്കം ഏറ്റവുമധികം ബാധിച്ചത് ഗോല്‍പാര ജില്ലയെയാണ്. രണ്ടര ലക്ഷം പേരെയാണ് ഇവിടെ നിന്ന് മാത്രമായി മാറ്റി പാര്‍പ്പിച്ചിട്ടുള്ളത്. നാല് ജില്ലകളിലെ സാഹചര്യം ഗുരുതരമാണ് എന്നാണ് സര്‍ക്കാര്‍ പറയുന്നത്. 321 ഗ്രാമങ്ങള്‍ പൂര്‍ണമായും വെള്ളത്തിനടിയിലാണെന്ന് സര്‍ക്കാര്‍ പറയുന്നു. 

അതേസമയം കൊറോണ മാര്‍ഗനിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ച് സംസ്ഥാനത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കുന്നത് ഏറെ വെല്ലുവിളിയായി തീർന്നിരിക്കുകയാണ്