തിരുവനന്തപുരം: സർക്കാർ സംസ്ഥാനത്തു മദ്യവിൽപന ആരംഭിച്ചു. വ്യാപകമായ അനുകൂലവും പ്രതികൂലവുമായ പ്രചാരണം മുതലെടുത്ത് ആദ്യ ദിവസം തന്നെ മദ്യവിൽപന റെക്കോഡിലെത്തിക്കാനാണ് അധികൃതരുടെ ശ്രമം. ഇന്നു തന്നെ കച്ചവടം ഉഷാറാക്കിയാൽ വരുന്ന ദിവസങ്ങളിലും വരുമാന നേട്ടമുണ്ടാക്കാനാവുമെന്ന് എക്സൈസ് വകുപ്പ് കണക്കുകൂട്ടുന്നു.
രാവിലെ മദ്യവിൽപ്പന തുടങ്ങും മുമ്പേ പല സ്ഥലങ്ങളിലും കൗണ്ടറുകൾക്കും ബാറുകൾക്കും സമീപത്തായി ആൾക്കൂട്ടങ്ങൾ രൂപപ്പെട്ടു കഴിഞ്ഞു. എന്നാൽ കൗണ്ടറുകൾക്ക് മുന്നിൽ പരിശോധന കർശനമാക്കാൻ ശ്രമമുണ്ട്. ബെവ് ക്യൂ ആപ്പിൽ ബുക്ക് ചെയ്ത് ഇ ടോക്കൺ ലഭിച്ചവർക്കാണ് മദ്യം നൽകുന്നത്. വാങ്ങാനെത്തുന്നവർക്കു തെർമൽ സ്കാനിങ് നടത്തുന്നുണ്ട്.
877 ഇടങ്ങളിലാണ് മദ്യവിതരണം. ബെവ്‌കോയുടെ 301 ഔട്ട്്‌ലെറ്റുകളിലും 576 ബാറുകളിലുമാണ് വില്പന. 291 ബിയര്‍ വൈന്‍ പാര്‍ലറുകളിൽ ബിയറും വൈനും ലഭിക്കും
ബെവ്കോ, കൺസ്യൂമർഫെഡ് വിൽപന കേന്ദ്രങ്ങളിലും ബാറുകളിലും മദ്യത്തിന് ഒരേ വിലയായിരിക്കുമെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ നേരത്തേ അറിയിച്ചിരുന്നു.ബെവ്കോ വിലയ്ക്കു തന്നെ ബീയർ–വൈൻ പാർലറുകളിൽ ബീയറും വൈനും വിൽക്കും.
ശേഷി പരീക്ഷണം പൂർത്തിയായ ബവ് ക്യൂ ആപ് ഇന്നലെ രാത്രി 11നു പ്ലേ സ്റ്റോറിൽ ലഭ്യമായി. രാവിലെ 6 മുതൽ രാത്രി 10 വരെ ടോക്കൺ എടുക്കാം. രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണ് വിൽപന. ഒരു സമയം 5 പേർക്കേ കൗണ്ടറിൽ പ്രവേശനമുള്ളൂവെന്നാണ് നിർദേശം. ടോക്കൺ ലഭിക്കാതെ മദ്യശാലയ്ക്കു മുന്നിലെത്താൻ പാടില്ല. ആപ്പില്ലാതെ ക്ലബുകളിലും ഈയാഴ്ച മദ്യം വിൽപന അനുവദിക്കും.
ഒരിക്കൽ ടോക്കൺ എടുത്താൽ അഞ്ചാം ദിവസമേ വീണ്ടും ലഭിക്കൂ. പറയുന്ന സമയത്ത്, പറയുന്ന കേന്ദ്രത്തിൽ മാസ്ക് ധരിച്ച് തിരിച്ചറിയൽ രേഖയും ബുക്ക് ചെയ്ത മൊബൈൽ ഫോണുമായി ചെല്ലണം. പണവും അവിടെ നൽകിയാൽ മതി. ടോക്കൺ ഇല്ലാത്തവർ മദ്യം വാങ്ങാൻ എത്തിയാൽ അവർക്കെതിരെ കേസെടുക്കുമെന്നും മന്ത്രി പറഞ്ഞു. മദ്യശാലകൾക്ക് മുന്നിൽ ആവശ്യത്തിന് പൊലീസുകാരെ നിയോഗിക്കുമെന്ന് ഡിജിപി പറഞ്ഞു.