പാലക്കാട് : പാർട്ടിയിൽ വിശ്വാസമർപ്പിച്ച് വരുന്നവരെ പാർട്ടി സംരക്ഷിക്കുമെന്നും എന്നാൽ പാർട്ടിയെ ചതിച്ച് പോകുന്നവരെ ദ്രോഹിക്കും എന്നത് പാർട്ടി നയമാണ് എന്നാണ് സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗവും ഷൊർണൂർ എംഎൽഎയുമായ പി.കെ.ശശി പറഞ്ഞത്.
കരിമ്പുഴയില്‍ മുസ്‌ലീം ലീഗിൽ നിന്നു രാജിവച്ച് സിപിഎമ്മിൽ ചേർന്നവരെ അഭിവാദ്യം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതിനിടയിലാണ് ഇങ്ങനെ ഒരു തുറന്നു പറച്ചിൽ എം എൽ എ നടത്തിയിരിക്കുന്നത്.
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പാലക്കാട് നിരോധനാജ്ഞ നിലനിൽക്കുന്നുണ്ട്. ഇതിനിടയിലാണ് സാമൂഹിക അകലം പാലിക്കാതെ ആളുകളെ പങ്കെടുപ്പിച്ചു പരിപാടി നടത്തിയത്.
ഈ പാർട്ടിയുടെ ഒരു പ്രത്യേകത എന്താന്ന് വച്ചാൽ, പാർട്ടിയെ വിശ്വസിച്ച് കൂടെ വന്നാൽ, പൂർണ്ണമായും പാർട്ടി സംരക്ഷണം തരും. ആവശ്യമായ എല്ലാ സഹായവും സുരക്ഷിതത്വവും തരും. അതല്ല, ചതിച്ചാൽ, പാർട്ടി ദ്രോഹിക്കും. ഇത് പാർട്ടിയുടെ ഒരു നയമാണ്. ഞങ്ങളെല്ലാം പിന്തുടരുന്ന നയമാണ് എന്നാണ് മുസ്ലിം ലീഗ് വിട്ട് സി.പി.എമ്മിൽ എത്തിയവരെ സ്വാഗതം ചെയ്തുകൊണ്ടുള്ള പ്രസംഗത്തിൽ പി കെ ശശി പറയുന്നത്.
കരിമ്പുഴ പഞ്ചായത്ത് പതിനാറാം വാർഡ് അംഗവും മുസ്‌ലിം ലീഗ് പ്രവർത്തകനുമായ രാധാകൃഷണന്റെ നേതൃത്വത്തിൽ അൻപതു പേർ മുസ്‌ലീം ലീഗിൽ നിന്ന് രാജിവെച്ച് കഴിഞ്ഞദിവസം സിപിഎമ്മിൽ ചേർന്നിരുന്നു. ഇവരെ അഭിവാദ്യം ചെയ്തുകൊണ്ടുള്ള പരിപാടിയാണ് കരിമ്പുഴ ലോക്കൽ കമ്മറ്റി ഓഫീസിൽ നടന്നത്.