തൊടുപുഴ: സിപിഎം നേതാക്കള്‍ ഇടുക്കി വണ്ടിപ്പെരിയാര്‍ പൊലീസ് സ്റ്റേഷനില്‍ കയറി വധ ഭീഷണി മുഴക്കി . വാഹന പരിശോധനയ്ക്കിടെ ഡിവൈഎഫ്‌ഐ നേതാവിന്‍റെ ബൈക്ക് പിടികൂടിയതാണ് പ്രകോപനത്തിന് കാരണം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആര്‍ തിലകന്‍, പീരുമേട് ഏരിയാ സെക്രട്ടറി വിജയാനന്ദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഭീഷണി മുഴക്കിയത്.
എസ്‌ഐ ഉള്‍പ്പെടെ നാല് പൊലീസുകാര്‍ക്കു നേരെയാണ് ഇവരുടെ അതിക്രമം. കൊറോണ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ 20ഓളം ബൈക്കുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് എത്തിച്ചിരുന്നു.
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ ബൈക്ക് പിടികൂടി 3000 രൂപ പിഴയൊടുക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. പക്ഷേ ഇത് അംഗീകരിക്കാന്‍ സിപിഎം പ്രവര്‍ത്തകര്‍ തയ്യാറായില്ല. പിഴയീടാക്കാതെ തന്നെ ബൈക്ക് വിട്ടുനല്‍കണമെന്നും കേസെടുക്കരുതെന്നും ഇവര്‍ ആക്രോശിച്ചു. ഇതിന് പിന്നാലെയാണ് ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ സ്റ്റേഷനിലെത്തിയത്. പൊലീസ് സ്റ്റേഷനിലെത്തിയ സംഘം വളരെ മോശമായ പദ പ്രയോഗങ്ങള്‍ നടത്തിയാണ് വധ ഭീഷണി മുഴക്കിയത്.
എന്നാൽ പിഴയടക്കാതെ ബൈക്ക് വിട്ടു തരില്ലെന്ന് പോലീസ്ര് വ്യക്തമാക്കി. ഇതോടെയാണ് നേതാക്കള്‍ സ്വരം കടുപ്പിച്ച് വധ ഭീഷണി മുഴക്കിയത്. വളരെ മോശമായ രീതിയില്‍ അസഭ്യ വര്‍ഷം നടത്തിയായിരുന്നു നേതാക്കളുടെ പ്രതികരണം. അതിക്രമത്തിനിരയായ പൊലീസുകാര്‍ നേതാക്കള്‍ക്കെതിരെ പരാതി നല്‍കി. എന്നാല്‍ നിസാര വകുപ്പുകള്‍ മാത്രം ചുമത്തിയാണ് കേസെടുത്തതെന്ന് ആക്ഷേപം ഇപ്പോള്‍ ഉയരുന്നുണ്ട്. നിലവില്‍ നേതാക്കള്‍ക്കെതിരെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് മാത്രമാണ് കേസുള്ളത്.
എഎസ്‌ഐ തോമസ് ഉള്‍പ്പടെ നാല് പൊലീസുകാരെയാണ് സംഘം ഭീഷണിപ്പെടുത്തിയത്. എഎസ്‌ഐയോട് തട്ടിക്കയറിയ സിപിഎം നേതാക്കള്‍ മര്യാദയ്ക്ക് ജോലി ചെയ്തില്ലെങ്കില്‍ വീട്ടില്‍ക്കയറി അതിന് തക്കതായ മറുപടി നല്‍കുന്നതുള്‍പ്പടെയുള്ള കാര്യങ്ങളിലേക്ക് പോകേണ്ടതായി വരുമെന്ന് ഭീഷണിപ്പെടുത്തി.