തിരുവനന്തപുരം/കോട്ടയം: കൊറോണ രോഗികളില്ലാത്ത ചങ്ങനാശേരി മുനിസിപ്പാലിറ്റി ഹോട്ട്സ്പോട്ടായി പ്രഖ്യാപനം. സംസ്ഥാനത്ത് പുതുതായി ആറ് ഹോട്ട്സ്പോട്ടുകൾ കൂടി പ്രഖ്യാപിച്ചതിലാണ് ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റിയും ഉൾപ്പെട്ടത്. കോട്ടയം ജില്ലയിൽ ഇന്ന് കൊറോണ പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചതിൽ മൂന്നുപേരും ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി പ്രദേശത്തുള്ളവർ അല്ലെന്നിരിക്കെയാണ് ഇവിടം ഹോട്ട് സ്പോട്ടായി വിചിത്രമായ പ്രഖ്യാപനം ഉണ്ടായത്.
ചങ്ങനാശേരി വെരൂര്‍ സ്വദേശി(29) 17ന് അബുദാബിയില്‍ നിന്നെത്തി. വാഴൂര്‍ കൊടുങ്ങൂര്‍ സ്വദേശി (27) 19ന് സൗദി അറേബ്യയിലെ ദമാമില്‍ നിന്നെത്തിയതാണ്. ഇരുവരും ഗാന്ധി നഗറിലെ ക്വാറൻ്റയിൻ കേന്ദ്രത്തിലായിരുന്നു.
ചങ്ങനാശേരി മാമ്മൂട് സ്വദേശിനി(29) മെയ് 12ന് ദാമാമില്‍ നിന്നെത്തി 13ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രസവിച്ചു. ആദ്യ പരിശോധനാ ഫലം നെഗറ്റീവായിരുന്നതിനെത്തുടര്‍ന്ന് മെയ് 19ന് ഡിസ്ചാര്‍ജ്ജ് ചെയ്തു. രണ്ടാമത്തെ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവർ മൂന്നു പേരും ചങ്ങനാശേരി മുനിസിപ്പൽ പ്രദേശത്തുള്ളവരല്ല.
വിദേശത്തു നിന്നെത്തിയ ഇവരില്‍ ആര്‍ക്കും നേരത്തേ രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. എല്ലാവരും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിൽസയിലാണ്.
കാസർകോട് മൂന്നും പാലക്കാട് രണ്ടും ഹോട്ട് സ്പോട്ടുകളാണ് പുതുതായി ഉൾപ്പെടുത്തിയത്. ഇതോടെ ആകെ 82 ഹോട്ട്സ്പോട്ടുകളാണ് സംസ്ഥാനത്തുള്ളത്.
ഏറ്റവും കൂടുതൽ പേർ ചികിത്സയിലുള്ളത് പാലക്കാട്ടാണ്. 105 പേർ. തൊട്ടുപിന്നിൽ കണ്ണൂർ 93, കാസർകോട് 63 എന്നിങ്ങനെയാണ് കണക്ക്.