ബംഗലൂരു: ബംഗലൂരുവിലെ പുതിയ മേല്‍പ്പാലത്തിന് സവര്‍ക്കറുടെ പേരിടാനുള്ള സര്‍ക്കാര്‍ തീരുമാനം വിവാദത്തില്‍. 34 കോടി മുടക്കി 400 മീറ്റര്‍ നീളത്തിലുള്ള മേല്‍പ്പാലത്തിന്റെ ഉദ്ഘാടനം ഇന്നായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ തീരുമാനത്തിനെതിരെ കര്‍ണാടക കോണ്‍ഗ്രസും, ജെ.ഡി.എസും രംഗത്തുവന്നു. സവര്‍ക്കറുടെ പേരിടാനുള്ള തീരുമാനം സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കുന്ന നടപടിയാണെന്ന് കോൺഗ്രസും ജെഡിഎസും ആരോപിച്ചു.
തീരുമാനം സംസ്ഥാനത്തിന്റെ പുരോഗതിക്കായി പോരാടുന്നവരെ അപമാനിക്കലാണെന്നും ഇതിന് സർക്കാർ അംഗീകാരം നൽകുന്നത് ശരിയല്ലെന്നും ജെഡിഎസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമി അഭിപ്രായപ്പെട്ടു. യെലഹങ്കയിലുള്ള മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണൻ റോഡിലെ മേൽപ്പാലത്തിനാണ് സവർക്കറുടെ പേരിടുന്നത്.
കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയെയാണ് സവര്‍ക്കറുടെ ജന്മദിനമായ ഇന്ന് മേല്‍പ്പാലം ഉദ്ഘാടനം ചെയ്യാനിരുന്നത്. കൊറോണയെ തുടര്‍ന്നുള്ള സാമൂഹിക അകലമടക്കമുള്ള നിയന്ത്രണങ്ങളുള്ളതിനാല്‍ ഇന്നത്തെ ഉദ്ഘാടനം ചടങ്ങ് മാറ്റിവെച്ചിരിക്കുകയാണെന്നാണ് അറിയിച്ചിരിക്കുന്നത്. അതെ സമയം പേരിനെ തുടര്‍ന്നുള്ള വിവാദമാണ് ചടങ്ങ് മാറ്റിവെച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം വളരെയധികം ആലോചനകൾക്കും ചർച്ചകൾക്കും ശേഷമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് ബിജെപിയുടെ വിശദീകരണം. നെഹ്റു കുടുംബത്തിന് പുറത്തുള്ള ആരെയും ബഹുമാനിക്കാൻ കോൺഗ്രസ് തയ്യാറാവുന്നില്ലെന്നും ബിജെപി വക്താവ് എസ് പ്രകാശ് പ്രതികരിച്ചു.