ധാക്കയിലെ ആശുപത്രിയിൽ തീപിടുത്തം; അഞ്ച് കൊറോണ രോഗികൾ മരിച്ചു

ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ആശുപത്രിയിൽ ബുധനാഴ്ച ഉണ്ടായ തീപിടുത്തത്തിൽ അഞ്ച് കൊറോണ രോഗികൾ മരിച്ചു. തീ പിടുത്ത കാരണം വ്യക്തമായിട്ടില്ലെന്ന് ഫയർ സർവീസ് ഡയറക്ടർ സിലൂർ റഹ്മാൻ പറഞ്ഞു. തീപിടിച്ച് ഒരു മണിക്കൂറിൽ തന്നെ അണയ്ക്കാൻ കഴിഞ്ഞെങ്കിലും അഞ്ച് പേർക്ക് ജീവഹാനി സംഭവിച്ചു. കൊറോണ രോഗികളെ ചികിത്സിക്കാൻ യുണൈറ്റഡ് ഹോസ്പിറ്റലിന്റെ താത്കാലിക ഐസൊലേഷൻ യൂണിറ്റിൽ നിന്നും അഞ്ച് മൃതദേഹങ്ങൾ കണ്ടെടുത്തതായി റഹ്‌മാൻ അറിയിച്ചു. മരിച്ചവരിൽ നാല് പുരുഷന്മാരും ഒരു സ്ത്രീയുമാണ്.

38,292 കേസുകളും 544 മരണങ്ങളും റിപ്പോർട്ട് ചെയ്ത ബംഗ്ലാദേശിൽ കൊറോണ വൈറസ് അണുബാധയുടെ വർദ്ധനവ് നേരിടാൻ ആശുപത്രികൾ ബുദ്ധിമുട്ടുന്ന സഹജര്യത്തിൽ ആണ് ഇത്തരം ഒരു ദുരന്തം. കഴിഞ്ഞ മാർച്ചിൽ ധാക്കയിലെ ബനാനിയിലെ 22 നില വാണിജ്യ കെട്ടിടത്തിൽ തീപിടുത്തത്തിൽ 25 പേർ മരിച്ചിരുന്നു.