വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങളുടെ പണി പൂർത്തീകരിക്കാനുള്ള കാലവധി നീട്ടി

തിരുവനന്തപുരം: വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങളുടെ പണി പൂർത്തീകരിക്കാനുള്ള കാലവധി വീണ്ടും നീട്ടി. കൊവിഡ് പശ്ചാത്തലത്തിൽ നിർമാണ സമയത്തിൽ നഷ്ടമുണ്ടായതോടെയാണ് കാലാവധി നീട്ടിയത്. വൈറ്റില മേൽപ്പാലത്തിന് ഓഗസ്റ്റ് 31 വരെയും കുണ്ടന്നൂർ മേൽപ്പാലത്തിന് ജൂൺ 30 വരെയുമാണ് നിർമാണം പൂർത്തിയാക്കാൻ സമയം നൽകിയിരിക്കുന്നത്.

കൊറോണയുടെ പശ്ചാത്തലത്തിൽ തൊഴിൽ ദിനങ്ങൾ നഷ്ടമായതും, നിർമാണ വസ്തുക്കളുടെ ലഭ്യതക്കുറവുമാണ് പ്രതിസന്ധിയായത്. കേരളത്തിലെ ഏറ്റവും ഗതാഗതക്കുരുക്കേറിയ വൈറ്റില ജംഗ്ഷനിലെ മേൽപ്പാല നിർമാണം പൂർത്തികരിക്കാൻ അഞ്ചാം തവണയാണ് സമയം നീട്ടി നൽകുന്നത്. കഴിഞ്ഞ വർഷം മേയിൽ പൂർത്തീകരിക്കാൻ ലക്ഷ്യമിട്ട നിർമാണമാണ് പലതവണയായി പരിധി നീട്ടി നൽകിയത്. കുണ്ടന്നൂരിൽ ഏപ്രിൽ 30-ന് പൂർത്തിയാകേണ്ട പ്രവർത്തികളാണ് ജൂൺ 30-ലേക്ക് നീട്ടിയത്. കുണ്ടന്നൂരിൽ ഡിസൈൻ മാറ്റം വെല്ലുവിളിയായി. അനുബന്ധ റോഡിന്റെ നിർമാണം വൈകിയത് വൈറ്റിലയിൽ തിരിച്ചടിയായി. ടാറിന്റെ ഗ്രേഡ് നിശ്ചയിക്കുന്നതും ഗുണ നിലവാര പരിശോധനയിലെ വിവാദങ്ങളും കാലതാമസത്തിന് കാരണമായി. വൈറ്റിലെ മേൽപാലത്തിന്റെ അവസാന സ്ലാബിന്റെ കോൺക്രീറ്റിങ് പൂർത്തിയായിട്ടുണ്ട്. എന്നാൽ മഴയെത്തിയതോടെ ടാറിങ് പൂർത്തായാക്കാൻ കഴിഞ്ഞതുമില്ല.

ഏപ്രിൽ മാസം പാലത്തിന്റെ പണി പൂർത്തിയാകുമെന്നാണ് കരാർ കമ്പനി പറഞ്ഞിരുന്നത്. എന്നാൽ അപ്രതീക്ഷിതമായി വന്ന ലോക്ക് ഡൗൺ പ്രഖ്യാപനം തിരിച്ചടിയായി. ഇതിനിടെ ഇക്കാരണത്താലാണ് ലോക്ക് ഡൗൺ സാഹചര്യത്തിലും, പാലത്തിന്റെ നിർമാണം പുനരാംഭിക്കാൻ സർക്കാർ പ്രത്യേകം അനുമതി നൽകിയിരുന്നു. നിർമാണ തൊഴിലാളികൾ കൃത്യമായ സാമൂഹ്യ അകലം പാലിക്കണമെന്നും, മാസ്ക് ഉൾപ്പടെയുള്ളവ ധരിക്കണമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.