ഞായറാഴ്ച സംസ്ഥാനത്ത് ശുചീകരണ ദിനമായി ആചരിക്കണം

തിരുവനന്തപുരം: സംസ്ഥാനത്താകെ വരുന്ന ഞായറാഴ്ച ശുചീകരണ ദിനമായി ആചരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഞായറാഴ്ച വീടും പരിസരവും ശുചീകരിക്കുന്നതില്‍ മുഴുവന്‍ ആളുകളും വ്യാപൃതരാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രോഗങ്ങള്‍ പടരാനുള്ള എല്ലാ സാഹചര്യങ്ങളും ഒഴിവാക്കുന്ന തരത്തിലാകും ഈ ശുചീകരണ പ്രവര്‍ത്തനം. ഇതിന് എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണെന്നും മപഖ്യമന്ത്രി പറഞ്ഞു. സർവ്വകക്ഷി യോ​ഗത്തിൽ ഇക്കാര്യം ഉയർന്നിരുന്നുവെന്നും ഗൗരവകരമായ വിഷയമായതുകൊണ്ട് സര്‍വ്വകക്ഷിയോഗം ആ നിര്‍ദ്ദേശം അംഗീകരിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊതുസ്ഥലങ്ങള്‍ ശുചീകരിക്കുന്നതിനുള്ള പ്രവര്‍ത്തനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഏറ്റെടുക്കേണ്ടതാണ്. ജനങ്ങള്‍ ഒന്നിച്ച് നിന്നാല്‍ ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം തന്നെയാണ് സര്‍ക്കാരിനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.