ബീജിങ്: ഇന്ത്യ-ചൈന അതിർത്തിയിലെ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ സൈന്യത്തിനോട് യുദ്ധസജ്ജരായിരിക്കാൻ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ ആഹ്വാനം ചെയ്തു. ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിക്കാണ് ഷീ ജിൻ പിങ് നിർദ്ദേശം നൽകിയിരിക്കുന്നത്.
ഏറ്റവും മോശപ്പെട്ട പ്രതിസന്ധികളെ മുന്നിൽ കാണാനും അതിനനുസരിച്ച് പരിശീലനവും യുദ്ധസന്നദ്ധതയും വർധിപ്പിക്കണമെന്ന് സൈന്യത്തോട് ഷി ജിൻപിങ് ആവശ്യപ്പെട്ടു. എല്ലാത്തരം സങ്കീർണ്ണമായ സാഹചര്യങ്ങളും ഉടനടി ഫലപ്രദമായി കൈകാര്യം ചെയ്യുകയും ദേശീയ പരമാധികാരം, സുരക്ഷ, വികസന താൽപ്പര്യങ്ങൾ എന്നിവ ദൃഢനിശ്ചയത്തോടെ സംരക്ഷിക്കുകയും ചെയ്യണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ), പീപ്പിൾസ് ആംഡ് പോലീസ് ഫോഴ്സ് എന്നിവുടെ പ്രതിനിധികളുമായി നടത്തിയ പ്ലീനറി മീറ്റിങ്ങിലാണ് ഷി ജിൻപിങ്ങിന്റെ യുദ്ധസജ്ജരാകാനുള്ള ആഹ്വാനം ഉണ്ടായത്. ചൈനീസ് പ്രസിഡന്റ്, ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി, സർവ സൈന്യാധിപൻ തുടങ്ങി ചൈനയുടെ അധികാരത്തിന്റെ സർവസ്വവും 66 കാരനായ ഷീ ജിൻപിങ്ങാണ്.
ലഡാക്കിലെയും വടക്കൻ സിക്കിമിലെയും ഇരു രാജ്യങ്ങൾക്ക് സമീപമുള്ള നിരവധി പ്രദേശങ്ങലും അടുത്തിടെ ഇന്ത്യൻ, ചൈനീസ് സൈന്യങ്ങൾ സംഘർഷത്തിൽ ഏർപെടുന്നതുകൊണ്ട് ഇങ്ങനെ ഒരു പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.