ജിദ്ദ: ടൂറിസ്റ്റ് വിസയിൽ സൗദിയിലെത്തുകയും കൊറോണാ ലോക്ഡൗൺ മൂലമുള്ള വിമാന യാത്രാ വിലക്ക് നിലവിൽ വന്നതിനാൽ തിരിച്ചു പോകാനാകാതെ കുടുങ്ങി കഴിയുന്നവരുമായവർക്ക് വിസയുടെ കാലാവധി ദീർഘിപ്പിക്കും. ഇത്തരക്കാരുടെ വിസയുടെ കാലാവധി ഇതിനകം അവസാനിച്ചെങ്കിൽ ആയത് മൂന്ന് മാസത്തേയ്ക്ക് കൂടി ദീർഘിപ്പിച്ചതായി സൗദി പാസ്പോർട്ട് വിഭാഗം അറിയിച്ചു. യാതൊരു ഫീസും ഈടാക്കാതെയാണ് സൗദി അധികൃതർ വിസാ കാലാവധി നീട്ടിയത്.
വിസാ കാലാവധി യാന്ത്രികമായി നീട്ടിയതായും അധികൃതർ അറിയിച്ചു. അതിനാൽ, ഈ സൗകര്യത്തിനായി പാസ്പോര്ട്ട് വിഭാഗം കേന്ദ്രങ്ങളിൽ കയറിയിറങ്ങേണ്ടതുമില്ല. നേഷനൽ ഇൻഫർമേഷൻ സെന്ററിന്റെ സഹകരണത്തോടെയാണ് ഈ നടപടി.
കൊറോണാ മഹാമാരിയുടെ പ്രത്യാഘാതങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സ്വദേശികൾക്കും വിദേശികൾക്കും ആശ്വാസം പകരുന്ന നടപടികൾ എടുക്കുകയെന്ന സൗദി ഭരണകൂടത്തിന്റെ നടപടികളുടെ തുടർച്ചയാണ് ടൂറിസ്റ്റു വിസാ കാലാവധി സൗജന്യമായി ദീർഘിപ്പിച്ചു കൊണ്ടുള്ള നടപടിയെന്ന് പാസ്പോര്ട്ട് വിഭാഗം വിശദീകരിച്ചു. സാമ്പത്തിക, വികസന പ്രത്യാഘാതങ്ങൾ ലഘൂകരിക്കാൻ ഇത്തരം നടപടികൾ സഹായകരമാകും.