മദ്രാസ് ഹൈക്കോടതി ഇടപെടൽ;വേദനിലയം ജയലളിതാ സ്മാരകമാക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങൾ പാളി

ചെന്നൈ:അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ പോയസ് ഗാർഡനിലെ വസതി ‘വേദനിലയം’ സ്മാരകമാക്കാനുള്ള തമിഴ്നാട് സർക്കാരിന്റെ ശ്രമങ്ങൾ പാളി. പോയസ് ഗാർഡനിലെ കെട്ടിടത്തിന്റെ ഒരു ഭാഗം മാത്രമേ ആവശ്യമെങ്കിൽ സ്മാരകമായി മാറ്റാൻ കഴിയൂ എന്നാണ് മദ്രാസ് ഹൈക്കോടതി ഉത്തരവ് ഇട്ടിരിക്കുന്നത്.
കൂടാതെ ജയലളിതയുടെ അനന്തരവൾ ജെ ദീപയെയും അനന്തരവൻ ജെ ദീപക്കിനെയും എല്ലാ സ്വത്തുക്കളുടെയും നിയമപരമായ അവകാശികളായും കോടതി പ്രഖ്യാപിച്ചു.

ജസ്റ്റിസ് എൻ കൃപാകരൻ, ജസ്റ്റിസ് അബ്ദുൽ ഖുദ്ദോസ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ്  വിധി പ്രഖ്യാപിച്ചത്. എന്നാൽ വേദനിലയം തമിഴ്നാട് സർക്കാരിന്റെ ഔദ്യോഗിക വസതിയാക്കാമെന്നും അതിന്റെ ഒരു ഭാഗം ആവശ്യമെങ്കിൽ സ്മാരകമാക്കാമെന്നും കോടതി നിർദേശം വെച്ചിട്ടുണ്ട്. എന്നാൽ കോടതി വിധിയെ തുടർന്ന് അനന്തരാവകാശികളുടെ അനുമതിയോടെ മാത്രമേ ഇനി ഔദ്യോഗിക വസതിയാക്കി ഏറ്റെടുക്കാനാവൂ.

ജയലളിതയുടെ സ്വത്തുക്കളുടെ നിയമപരമായ ഏക അവകാശികൾ തങ്ങളാണെന്നും അവരുടെ പേരിൽ ഒരു ട്രസ്റ്റ് രൂപീകരിക്കാനും അതിലൂടെ ജനങ്ങൾക്ക് ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താനും തങ്ങൾക്ക് പദ്ധതിയുണ്ടെന്നും ദീപ കോടതിയെ അറിയിച്ചിരുന്നു. തങ്ങളെ അമ്മായിയുടെ സ്വത്തുക്കളുടെ അവകാശികളാവാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ദീപയും ദീപക്കും നൽകിയ ഹർജിയിലാണ് ബുധനാഴ്ച ഹൈക്കോടതി ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.