കുവൈറ്റ് : കേരളത്തിൻ്റെ വികസനത്തിന് കാര്യമായ സംഭാവന നൽകിയ പ്രവാസി മലയാളികൾ ജന്മനാട്ടിൽ തിരിച്ചെത്തുമ്പോൾ ക്വാറൻറയിൻ ഫീസെന്ന പേരിൽ കൊള്ളയടിക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിന് എതിരേ പ്രതിഷേധം ശക്തമാകുന്നു. ഇക്കാര്യത്തിൽ പ്രവാസികളുടെ പ്രതിഷേധം തിരിച്ചറിഞ്ഞ് സാമ്പത്തിക ശേഷിയുള്ളവരിൽ നിന്നേ ക്വാറൻറയിൻ ഫീസ് ഈടാക്കുവെന്ന മുഖ്യമന്ത്രിയുടെ നിലപാട് പ്രവാസികൾ വിശ്വാസത്തിലെടുത്തിട്ടില്ല. ഇത് എങ്ങനെ കൃത്യമായി നടപ്പാക്കാനാവുമെന്ന ചോദ്യമാണ് ഭൂരിഭാഗം പ്രവാസി സമൂഹത്തിനുള്ളത്. വേർതിരിവില്ലാതെ പ്രവാസികൾക്ക് സൗജന്യ ക്വാറൻ്റയിൻ ഒരുക്കണമെന്ന് പ്രവാസികൾ ഒന്നടങ്കം ആവശ്യമുന്നയിക്കുന്നു.
കൊറോണ പ്രതിസന്ധി ആരംഭിച്ചപ്പോൾ മുതൽ പ്രവാസികളുടെ കാര്യത്തിൽ സർക്കാർ യാതൊരു താൽപര്യവുമെടുത്തില്ലെന്നത് ഏറെ വിമർശനത്തിന് ഇടയാക്കിയിരുന്നു. ഗൾഫ് രാജ്യങ്ങളിൽ പൊതുമാപ്പ് നൽകിയിട്ടുപോലും അവരെ നാട്ടിലെത്തിക്കാൻ സംസ്ഥാന സർക്കാർ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തിയില്ലെന്ന് ആക്ഷേപം നിലനിൽക്കെയാണ് സർക്കാരിൻ്റെ പുതിയ തീരുമാനം പ്രവാസി മലയാളികൾക്ക് തിരിച്ചടിയായത്.
കേരളത്തിൻ്റെ സമ്പദ് വ്യവസ്ഥയിൽ നാലിലൊന്ന് സംഭാവന ചെയ്യുന്നത് പ്രവാസി മലയാളികളുടേതാണെന്നിരിക്കെ പ്രതിസന്ധി ഘട്ടത്തിൽ അവർക്ക് സഹായം നൽകേണ്ട സർക്കാർ യാതൊന്നും ചെയ്യാതെ ക്വാൻ്റയിൻ്റെ പേരിൽ ചാർജ് ഈടാക്കുന്നത് നീതീകരിക്കാനാവില്ലെന്ന് പ്രവാസികൾ കുറ്റപ്പെടുത്തുന്നു.
കൊറോണ പ്രതിസന്ധിയെ തുടർന്ന് ജോലി നഷ്ടമായി വരുമാനമാർഗങ്ങൾ ഇല്ലാതായവരാണ് നാട്ടിലേക്ക് മടങ്ങാൻ കാത്തിരിക്കുന്ന പ്രവാസികൾ ഏറെയും.
ഭക്ഷണമോ മരുന്നുകളോ ഇല്ലാതെ ആയിരങ്ങളാണ് ദുരിതം അനുഭവിക്കുന്നത്. താമസസ്ഥലത്തെ വാടകകൊടുക്കുവാൻ കഴിയാത്ത ധാരാളം പേരുണ്ട്.
തൊഴിൽ നഷ്ടപ്പെട്ടവരെക്കൂടാതെ വിസാ കാലാവധി കഴിഞ്ഞവരും ഗർഭിണികളും പ്രായമായവരുമടക്കം സാമ്പത്തികമായ മാർഗ്ഗങ്ങൾ ഇല്ലാത്തതുകൊണ്ടാണ് പലരും ഇപ്പോൾ കേരളത്തിലേക്ക് മടങ്ങാൻ ശ്രമിക്കുന്നത്. വിമാനടിക്കറ്റിന് പോലും പണിമല്ലാത്തവരെ സംഘടനകളും നാട്ടിലെ ബന്ധുക്കളുമൊക്കെ സഹായിച്ചാണ് മടക്കയാത്രയ്ക്ക് ആവശ്യമായ പണം ക്രമീകരിക്കുന്നത്.
വിദേശങ്ങളിൽ രോഗവ്യാപനം വർധിച്ച സാഹചര്യത്തിൽ കൊറോണ ബാധിച്ചവർക്ക് മതിയായ ചികിത്സാ കിട്ടുന്നില്ല. ഓരോ ദിവസവും നിരവധി മലയാളികളാണ് വിവിധയിടങ്ങളിൽ മരണത്തിനു കീഴടങ്ങുന്നത് .
ജീവനെങ്കിലും രക്ഷിക്കാമല്ലോ എന്നു കരുതിയാണ് പ്രവാസികൾ ജന്മ നാട്ടിലേക്ക് മടങ്ങാൻ ശ്രമിക്കുന്നത്.
ക്രിസ്ത്യൻ, ഹിന്ദു തുടങ്ങി വിവിധ സമുദായങ്ങൾ സ്വന്തം സ്ഥാപനങ്ങൾ സൗജന്യ ക്വാറൻ്റയിൻ സൗകര്യത്തിന് വിട്ടു നൽകിയിട്ടും അത് കച്ചവടച്ചരക്കാകുയാണ് സർക്കാരെന്ന് പ്രവാസികൾക്ക് ആക്ഷേപമുണ്ട്.
വിദേശരാജ്യങ്ങളിൽ നിന്നും മടങ്ങിയെത്തുന്ന പ്രവാസികൾക്ക് ക്വാറന്റൈൻ ചാർജ്ജ് ഏർപ്പെടുത്താനുള്ള നീക്കത്തിനു എതിരെ പ്രവാസ ലോകത്ത് നിന്നും ശക്തമായ പ്രതിഷേധം ഇരമ്പുന്നു. തീരുമാനത്തിനെതിരേ കുവൈറ്റിലലെ വിവിധ സംഘടനകൾ ശക്തമായ പ്രതിഷേധം പ്രകടിപ്പ് രംഗത്തെത്തി.
പ്രവാസ ലോകത്തു നിന്ന് നാട്ടിൽ മടങ്ങിയെത്തുന്നവരിൽ നിന്ന് ക്വാറന്റയിൻ ചാർജ് ഈടാക്കാനുള്ള സംസ്ഥാന സർക്കാർ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് വെൽഫെയർ കേരള കുവൈറ്റ് കേന്ദ്ര വർക്കിംഗ് കമ്മിറ്റി അഭിപ്രായപ്പെട്ടു. നടപടിയിൽ നിന്ന് ഉടൻ പിൻവാങ്ങണമെന്ന് വെൽഫെയർ കേരള കുവൈറ്റ് ആവശ്യപ്പെട്ടു.
ക്വാറന്റയിൻ ചെലവ് പ്രവാസികൾ തന്നെ വഹിക്കണമെന്ന കേരള സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് കെകെ എംഎ ആവശ്യപ്പെട്ടു . ഇത്തരമൊരു തീരുമാനം വിവേചനപരവും അധാർമ്മികവുമാണെന്നും നാട്ടിലെത്തുന്ന പ്രവാസികൾക്ക് സാമ്പത്തിക സഹായം നൽകണമെന്നും കെ കെ എം എ ആവശ്യപ്പെട്ടു.
പ്രതിസന്ധി ഘട്ടത്തിൽ പ്രവാസികളെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ കൈവിടരുതെന്ന് ഓവർസീസ് എൻ സി പി ദേശീയ കമ്മിറ്റി ജനറൽ സെക്രട്ടറി ജീവ്സ് എരിഞ്ചേരി ആവശ്യപ്പെട്ടു.
ക്വാറൻ്റയിൻ ചിലവ് പ്രവാസികൾ വഹിക്കണമെന്നത് അമ്പരപ്പിക്കുന്നതാണെന്ന് ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ ഭാരവാഹികൾ കുറ്റപ്പെടുത്തി.
തീരുമാനം ഉടൻ പിൻവലിക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു.
പ്രവാസികളില്‍ നിന്ന് ക്വാറൻ്റയിൻ പണം ഈടാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ ഓവര്‍സിസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒഐസിസി) കുവൈറ്റ് നാഷണല്‍ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. പണം ഈടാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നടപടി ഉടന്‍ പിന്‍വലിക്കണമെന്നും ഒഐസിസി കുവൈറ്റ് ദേശീയ കമ്മിറ്റി ആവശ്യപ്പെട്ടു.
ക്വാറൻ്റയിൻ പണം ഈടാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിൽ പ്രവാസി കേരള കോണ്‍ഗ്രസ് (പി കെ സി – എം) കുവൈറ്റ് ചാപ്റ്റർ പ്രസിഡന്റ് അഡ്വ. സുബിൻ അറക്കൽ പ്രതിഷേധിച്ചു.
പണം ഈടാക്കി ദ്രോഹിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം ഉടന്‍ പുനഃപരിശോധിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.