കൊച്ചി: ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി കൊച്ചി ബ്രോഡ്‍വേയിൽ ഹോട്ടലിൽ ഭക്ഷണം വിളമ്പി. ഹോട്ടലിൽ ഇരുന്ന് കഴിക്കുകയായിരുന്ന 20 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹോട്ടലുകളിൽ ഭക്ഷണം വിളമ്പരുത് എന്ന നിർദേശം നിലനിൽക്കെ ലോക്ഡൗൺ ചട്ടം ലംഘിച്ച ഹോട്ടലുടമയ്ക്കെതിരെയും നടപടി എടുത്തിട്ടുണ്ട്.
തുണിക്കടകളിലും സാമൂഹിക അകലം പാലിക്കാത്തത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് നടപടി സ്വീകരിച്ചു. ഐജി വിജയ് സാഖറെയുടെ നേതൃത്വത്തിൽ നടന്ന മിന്നൽ പരിശോധനയ്ക്കിടെയാണു സാമൂഹിക അകലമോ ലോക്ഡൗൺ നിർദേശങ്ങളോ പാലിക്കാതെ ഭക്ഷണം കഴിക്കുകയായിരുന്ന ആളുകളെ കസ്റ്റഡിയിൽ എടുത്തത്.
മാസ്ക് ധരിക്കാത്തവർക്കു കർശന നിർദേശം നൽകുകയും ആവർത്തിക്കരുതെന്ന് താക്കീത് നൽകുകയും ചെയ്തിട്ടുണ്ട്. ഇന്നലെ പരിശോധനയിൽ അനാവശ്യമായി ഏഴുമണിക്കു ശേഷം സഞ്ചരിക്കുകയായിരുന്ന 200 പേർക്കെതിരെ കൊച്ചിയിൽ മാത്രം നടപടി എടുത്തു.
ഇന്ന് ഉച്ചയോടെയാണ് എറണാകുളം മാർക്കറ്റിൽ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘം പരിശോധനയ്ക്ക് എത്തിയത്. ലോക്ഡൗൺ ലംഘിച്ച് ആളുകൾ കൂട്ടമായി നഗരത്തിലെത്തുകയും വൈകുന്നേരങ്ങളിൽ പുറത്തിറങ്ങുന്നവരുടെ എണ്ണം വർധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഐജിയും സംഘവും പരിശോധനയ്ക്കിറങ്ങിയത്.