ഡെൽഹി ചുട്ടു പൊള്ളുന്നു; റെക്കോർഡ് താപനില

ന്യൂ ഡെൽഹി : രാജ്യ തലസ്ഥാനം ചുട്ടു പൊള്ളുന്നു. ഡെൽഹിയിൽ ഇന്നലെ റെക്കോർഡ് താപനില രേഖപ്പെടുത്തി. ഡെൽഹി സഫ്ദർജംഗിൽ താപനില 46 ഉം പാലം മേഖലയിൽ 47.6 ഡിഗ്രിയുമാണ് രേഖപ്പെടുത്തിയത്. ഡെൽഹി അടക്കം എട്ട് സംസ്ഥാനങ്ങളിൽ താപനില കൂടുമെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. .

വടക്കുപടിഞ്ഞാറൻ ഇന്ത്യ, മധ്യ ഇന്ത്യ, കിഴക്കൻ ഇന്ത്യയുടെ സമീപ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ വരണ്ട കാറ്റ് വീശുന്നതിനാൽ വടക്കൻ, മധ്യ ഇന്ത്യയുടെ ചില ഭാഗങ്ങളിൽ ചൊവ്വാഴ്ച താപനില രൂക്ഷമാകുമെന്നാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) മുന്നറിയിപ്പ് നൽകിയിരുന്നു. മെയ്‌ 28 വരെ ഇത് തുടരുമെന്നാണ് ഐ എം ഡി പറയുന്നത്.

ഡെൽഹി പാലം മേഖലയിൽ 52 വർഷത്തിന് ശേഷം ഡൽഹി സഫ്ദർജംഗിൽ 18 വർഷത്തിന് ശേഷവും ആദ്യമായാണ് ഇത്രയും ഉയർന്ന താപനില രേഖപ്പെടുത്തുന്നത്. വരും ദിവസങ്ങളിൽ പഞ്ചാബ്, ചത്തീസ്ഗഡ്, ഒഡീഷ, മധ്യപ്രദേശ്, മഹാരാഷ്ട്ര ആന്ധ്രപ്രദേശ്, തെലങ്കാന, ബീഹാർ, ഝാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ കനത്ത ഉഷ്ണതരംഗം ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അതേസമയം മെയ് 26 മുതൽ 28 വരെ അസമിലും മേഘാലയയ്ക്കും കനത്ത മഴ ലഭിക്കുമെന്ന് ഐ‌എം‌ഡി അറിയിച്ചു. രണ്ട് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് കാലാവസ്ഥാ നിരീക്ഷകൻ റെഡ് അലേർട്ട് നൽകിയിട്ടുണ്ട് . അടുത്ത മൂന്ന് ദിവസത്തേക്ക് അസമിലും മേഘാലയയ്ക്കും റെഡ് കളർ കോഡ് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് ഐഎംഡി ഡയറക്ടർ ജനറൽ മരുഞ്ജയ് മോഹൻപത്ര പറഞ്ഞു.