ന്യൂഡൽഹി: വസ്തുതകളെ മനഃപൂർവ്വം വളച്ചൊടിച്ച് രാഹുൽ ഗാന്ധി ഇന്ത്യയുടെ കൊറോണ പോരാട്ടത്തെ ദുർബലപ്പെടുത്തുകയാണെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് രാജ്യത്തു ഏർപ്പെടുത്തിയ ലോക് ഡൗൺ പൂർണ പരാജയമെന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തിന് മറുപടിയുമായാണ് രവി ശങ്കർ പ്രസാദ് രംഗത്ത എത്തിയിരിക്കുന്നത്.
സത്യത്തേയും വസ്തുതകളേയും മനഃപൂർവ്വം വളച്ചൊടിച്ചുള്ള ക്യാമ്പയിനിലൂടെയാണ് രാഹുൽ ഇന്ത്യയുടെ പോരാട്ടത്തെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നത്. നിഷേധാത്മക പ്രചരിപ്പിക്കുകയും തെറ്റായ കീർത്തിക്കുവേണ്ടി നടക്കുകയും ചെയ്യുന്നു എന്നാണ് രവിശങ്കർ പ്രസാദ് പറഞ്ഞത്.
അടച്ചുപൂട്ടൽ രണ്ടുമാസം പിന്നിട്ടിട്ടും ഗുണം കണ്ടില്ലെന്നായിരുന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വിമർശം. ലോക്ക്ഡൗൺ കോറോണയെ തടയാൻ പരിഹാരമല്ലെങ്കിൽ എന്തു കൊണ്ടാണ് കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ ഇക്കാര്യം പഠിപ്പിക്കാത്തതെന്നും അവർ നിങ്ങളുടെ വാക്കുകൾക്ക് വില നൽകുന്നില്ലേയെന്നും മന്ത്രി ചോദിച്ചു.
എന്നാൽ അടച്ചുപൂട്ടൽ ഫലപ്രദമാണെന്നും രോഗവ്യാപനം നിയന്ത്രിക്കാനായി എന്നും ഐ.സി.എം.ആര്‍ പറഞ്ഞിരുന്നു.
അതേസമയം കൊറോണ പ്രത്യാഘാതങ്ങളെക്കുറിച്ച് രാഹുല്‍ ഗാന്ധി വിദഗ്ധരുമായുള്ള സംഭാഷണം തുടരുകയാണ്.