ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കൊറോണ രോഗികള്‍ക്ക് നൽകരുതെന്ന് ലോകാരോഗ്യ സംഘടന

ജനീവ : മലേറിയയ്ക്ക് ഉപയോഗിക്കുന്ന ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കൊറോണ രോഗികള്‍ക്ക് നല്‍കി കൊണ്ടുള്ള ട്രയല്‍ ലോകാരോഗ്യ സംഘടന നിര്‍ത്തിവെച്ചു. ഹൈഡ്രോക്സി ക്ലോറോക്വിന്റെ ഉപയോഗം കൊറോണ വൈറസ്‌ രോഗബാധക്ക് ഫലപ്രദമല്ലെന്നും അത് പലരെയും മരണത്തിലേക്ക് അടുപ്പിക്കുമെന്നു കഴിഞ്ഞയാഴ്ച ദി ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറഞ്ഞിരുന്നു.

ഇതിനു പിന്നാലെയാണ് ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മരുന്ന് രോഗികൾക്ക് കൊടുക്കുന്നത് നിർത്തിവെക്കാൻ
വിർച്വൽ പ്രസ് കോൺഫറൻസിൽ ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് ഘെബ്രെയെസുസ് പറഞ്ഞത്.

ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കൊറോണ രോഗികള്‍ക്ക് നല്‍കുന്നത് മരണ സാധ്യത വര്‍ധിപ്പിക്കുന്നുവെന്നായിരുന്നു പ്രബന്ധത്തില്‍ ഉണ്ടായിരുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അധാനോം അറിയിച്ചു. കൊറോണ വൈറസിനെതിരായ സാധ്യമായ നിരവധി ചികിത്സകൾ പരീക്ഷിക്കുന്നതിനായി നിരവധി രാജ്യങ്ങളിലെ നൂറുകണക്കിന് ആശുപത്രികൾ രോഗികളെ ചേർത്തിട്ടുള്ള സോളിഡാരിറ്റി ട്രയലിൽ നിന്ന് മുൻകരുതൽ എന്ന നിലയിൽ ഹൈഡ്രോക്‌സിക്ലോറോക്വിന്‍
ഉപയോഗിച്ചുള്ള പരീക്ഷണങ്ങൾ നിർത്തിവച്ചിരിക്കുകയാണെന്ന് ടെഡ്രോസ് പറഞ്ഞു.

സന്ധിവാതത്തെ ചികിത്സിക്കാൻ ഹൈഡ്രോക്സിക്ലോറോക്വിൻ സാധാരണയായി ഉപയോഗിക്കാറുണ്ടെങ്കിലും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉൾപ്പെടെയുള്ളവർ കഴിഞ്ഞയാഴ്ച താൻ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മരുന്ന് കഴിക്കുന്നതായി പ്രഖ്യാപിച്ചത് വൻതോതിൽ ഈ മരുന്ന് വാങ്ങാൻമറ്റു സർക്കാരുകളെ പ്രേരിപ്പിച്ചു.ബ്രസീലിന്റെ ആരോഗ്യമന്ത്രിയും ഈ മരുന്ന് ഉപയോഗിക്കുന്നതിനെ പ്രോത്സാഹിപ്പിച്ചിരുന്നു.