ന്യൂഡെൽഹി : ഡെൽഹിയിലെ തുഗ്ലക്കാബാദിലെ ചേരിയിൽ വൻതീപിടിത്തം. തീപിടിത്തത്തിൽ 1500ഓളം കുടിലുകൾ കത്തിനശിച്ചു. തിങ്കളാഴ്ച അർദ്ധ രാത്രി 12.50 ഓടുകൂടിയാണ് തീപിടിത്തം ഉണ്ടായത്. തീപിടിത്തത്തിൽ ആരും മരിച്ചിട്ടില്ലായെന്നാണ് പ്രാഥമിക റിപ്പോർട്ട്.
പുലർച്ചെ ഒരു മണിയോടെ തുഗ്ലകാബാദിലെ ചേരികളിൽ തീപിടിത്തത്തെക്കുറിച്ച് ഞങ്ങൾക്ക് വിവരം ലഭിച്ചു. എല്ലാ പോലീസ് ഉദ്യോഗസ്ഥരും ഉടൻതന്നെ സംഭവ സ്ഥലത്തെത്തി. 1,000-1,200 ഓളം കുടിലുകൾക്ക് തീപിടിച്ചതായി പറയപ്പെടുന്നു എന്നാണ് സൗത്ത് ഡെപ്യൂട്ടി കമ്മീഷണർ (ഡിസിപി) രാജേന്ദ്ര പ്രസാദ് മീന പറയുന്നത്. തീപിടിത്തം തുടങ്ങിയപ്പോൾ തന്നെ ആളുകൾ അവരുടെ കുടിലിൽ നിന്നും പുറത്തിറങ്ങിയതായാണ് ഇവർ പറയുന്നത്.
ആളുകൾ ഉറങ്ങിക്കിടന്ന സമയത്താണ് സംഭവം. 28 ഫയർ എഞ്ചിനുകൾ ഉപയോഗിച്ച് മണിക്കൂറുകളോളം പരിശ്രമിച്ചതിന് ശേഷം പുലർച്ചെ 3.40 നാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പോലീസും ഫയർഫോഴ്സും ചേർന്ന് പെട്ടന്ന് തന്നെ ആളുകളെ അവിടെ നിന്നും ഒഴിപ്പിച്ചിരുന്നു.
അഗ്നിബാധയിൽ 1500 കുടിലുകളാണ് കത്തിനശിച്ചത്. ഇതോടെ ആയിരങ്ങൾ ഒറ്റരാത്രികൊണ്ട് ഭവന രഹിതരായി മാറിയിരിക്കുന്നത്. നാശനഷ്ടങ്ങൾ സംബന്ധിച്ച് ഡെൽഹി സർക്കാർ കണക്കെടുപ്പ് തുടങ്ങിയിട്ടുണ്ട്.