തിരുവനന്തപുരം: ബെവ്ക്യൂ ആപ്പ് സംബന്ധിച്ച ബാറുകാരുമായി സര്‍ക്കാര്‍ ഉണ്ടാക്കിയ കരാര്‍ പുറത്തുവിട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഓണ്‍ലൈന്‍ മദ്യവില്‍പ്പനയില്‍ ഓരോ ടോക്കണില്‍ നിന്നും ഇടാക്കുന്ന അന്‍പത് പൈസ് ബെവ്‌കോയ്ക്ക് ആണെന്ന് പറയുന്ന സര്‍ക്കാരിന്റെ വാദം കളളമാണ്. ഇത്തരത്തില്‍ ഈടാക്കുന്ന 50 പൈസ ബെവ്‌കോ സ്റ്റാര്‍ട്ട് അപ്പ് കമ്പനിക്കാണ് നല്‍കുന്നതെന്ന് ചെന്നിത്തല പറഞ്ഞു.
ഫെയര്‍കോഡ് കമ്പനിയെ ഓണ്‍ലൈന്‍ മദ്യവില്‍പ്പനയ്ക്ക് തെരഞ്ഞെടുത്തതിന്റെ മാനദണ്ഡങ്ങള്‍ പുറത്തുവിടാന്‍ ഈ ഘട്ടത്തില്‍ സര്‍ക്കാര്‍ തയ്യാറാവണം. സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറില്‍ ദുരൂഹതയേറുന്നതായും ചെന്നിത്തല പറഞ്ഞു.
അതേസമയം മദ്യവിതരണത്തിനുള്ള ബവ്‌കോയുടെ ‘ബവ് ക്യൂ’ ആപ്പിന് ഗൂഗിളിന്റെ അംഗീകാരമായി. ആപ്പിന്റെ ബീറ്റ വേര്‍ഷന് അനുമതി ലഭിച്ചതായി കമ്പനി അധികൃതര്‍ അറിയിച്ചു. ട്രയലുകള്‍ക്കുശേഷം മദ്യവിതരണം ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് അധികൃതര്‍. ഇന്ന് 11 ന് സെക്രട്ടറിമാരുടെ യോഗത്തിനുശേഷം മദ്യശാലകള്‍ തുറക്കുന്ന തീയതി ബവ്‌കോ ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. ആപ്പിന്റെ ഉപയോഗ രീതി സംബന്ധിച്ച് ഉപഭോക്താക്കള്‍ക്കായി മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കും.
പ്ലേ സ്‌റ്റോറിലും ആപ് സ്‌റ്റോറിലും മൊബൈല്‍ ആപ് ലഭ്യമാക്കും. ഇതിനു പുറമേ സാധാരണ ഫോണുകളില്‍നിന്ന് എസ്എംഎസ് വഴിയും വെര്‍ച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്യാം. പേരും ഫോണ്‍ നമ്പരും സ്ഥലത്തെ സൂചിപ്പിക്കുന്ന അടയാളവും (സ്ഥലപ്പേര്, പിന്‍കോഡ്, ലൊക്കേഷന്‍ എന്നിവയിലേതെങ്കിലും) നല്‍കിയാണ് ബുക്ക് ചെയ്യേണ്ടത്. വ്യക്തിവിവരങ്ങള്‍ ചോദിക്കില്ല. ആപ് വഴി മദ്യത്തിന്റെ ബ്രാന്‍ഡ് ആദ്യഘട്ടത്തില്‍ തിരഞ്ഞെടുക്കാനാകില്ല. ബുക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ടോക്കണ്‍ നമ്പര്‍ അതില്‍ പറയുന്ന സമയത്ത്, പറയുന്ന കേന്ദ്രത്തില്‍ ഹാജരാക്കണം. അവിടെ ബ്രാന്‍ഡ് തിരഞ്ഞെടുത്ത് പണം അടയ്ക്കാം. ഒരു തവണ ബുക്ക് ചെയ്താല്‍ 4 ദിവസം കഴിഞ്ഞേ വീണ്ടും മദ്യം ബുക്ക് ചെയ്യാനാകൂ. പരമാവധി 3 ലീറ്റര്‍ മദ്യം വാങ്ങാം.
35 ലക്ഷം ആളുകള്‍ ഒരുമിച്ച് മദ്യം ബുക്ക് ചെയ്താലും പ്രശ്‌നമില്ലാത്ത രീതിയിലാണ് ആപ് തയാറാക്കിയിരിക്കുന്നതെന്ന് അധികൃതര്‍ അവകാശപ്പെടുന്നു. തിരക്കുള്ള ദിവസങ്ങളില്‍ 10.5 ലക്ഷം ആളുകള്‍ വരെയാണ് ബവ്‌റിജസ് ഷോപ്പുകളിലെത്തുന്നത്. ഇത്രയും ദിവസം മദ്യശാലകള്‍ അടഞ്ഞു കിടന്നതിനാല്‍ കൂടുതല്‍ ആളുകള്‍ ആപ് ഉപയോഗിക്കുമെന്നാണ് അധികൃതര്‍ കണക്കുകൂട്ടുന്നത്.