കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല മാറ്റിവച്ച ആറാം സെമസ്റ്റർ ബിരുദ പരീക്ഷകൾ ജൂൺ ഒന്നിന് പുനരാരംഭിക്കാൻ തീരുമാനിച്ചു. ജൂൺ 1,3,5,6 തീയതികളിലായി ആറാം സെമസ്റ്റർ ബിരുദ പരീക്ഷകൾ പൂർത്തീകരിക്കും. വൈസ് ചാൻസലർ പ്രൊഫ. സാബു തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം.
ലോക്ഡൗൺ മൂലം മറ്റു ജില്ലകളിൽ അകപ്പെട്ട വിദ്യാർഥികൾക്ക് നിലവിൽ താമസിക്കുന്ന ജില്ലയിൽ പരീക്ഷയെഴുതുന്നതിന് രജിസ്ട്രേഷൻ പൂർത്തീകരിച്ചിരുന്നു. രജിസ്റ്റർ ചെയ്തവർക്ക് നിലവിൽ താമസിക്കുന്ന ജില്ലയിലെ പരീക്ഷകേന്ദ്രത്തിൽ പരീക്ഷയെഴുതാൻ സൗകര്യമൊരുക്കും. ജൂൺ 8,9,10 തീയതികളിൽ പ്രാക്ടിക്കൽ പരീക്ഷകൾ അതത് കോളജുകളിൽ നടക്കും. പ്രൊജക്ട്, വൈവ എന്നിവ ഒരു ദിവസം കൊണ്ട് അതത് കേന്ദ്രങ്ങളിൽ പൂർത്തീകരിക്കും. ജൂൺ 12ന് പ്രാക്ടിക്കൽ പരീക്ഷകളുടെ മാർക്ക് സർവകലാശാലയ്ക്കു നൽകണം. കൊറോണ വ്യാപന സാഹചര്യത്തിൽ പ്രാക്ടിക്കൽ പരീക്ഷകൾക്ക് ഇത്തവണ എക്സ്റ്റേണൽ എക്സാമിനർമാരെ നിയമിക്കില്ല. അതത് കോളജിലെ അധ്യാപകർക്കാണ് ചുമതല. ജൂൺ 11 മുതൽ ഹോംവാല്യുവേഷൻ രീതിയിൽ മൂല്യനിർണയം ആരംഭിക്കും.
കോളജിലെ പരീക്ഷകേന്ദ്രത്തിൽ എത്താൻ കഴിയാത്ത ആറാം സെമസ്റ്റർ സപ്ലിമെന്ററി, ബിവോക് വിദ്യാർഥികൾക്ക് നിലവിൽ താമസിക്കുന്ന ജില്ലയിൽ പരീക്ഷയെഴുതുന്നതിനായി നാളെ (മേയ് 27) വൈകിട്ട് നാലുവരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. സർവകലാശാല വെബ്സൈറ്റിലെ (www.mgu.ac.in) എക്സാമിനേഷൻ രജിസ്ട്രേഷൻ ലിങ്കുവഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. രജിസ്ട്രേഷന് പിന്നീട് അവസരം ലഭിക്കില്ലെന്ന് പരീക്ഷ കൺട്രോളർ അറിയിച്ചു.
അഞ്ചാം സെമസ്റ്റർ പ്രൈവറ്റ് ബിരുദ പരീക്ഷകൾ ജൂൺ 8,9,10,11,12 തീയതികളിലായി നടക്കും. രണ്ടാം സെമസ്റ്റർ ബിരുദ പരീക്ഷകൾ ജൂൺ 15ന് ആരംഭിക്കും. കൊറോണയുടെ പശ്ചാത്തലത്തിൽ ഈ വർഷം രണ്ടാം സെമസ്റ്റർ ബിരുദ പരീക്ഷകളുടെ മൂല്യനിർണയം അതതു കോളജുകളിൽ നടത്താൻ തീരുമാനിച്ചു. കോളജിലെ മുതിർന്ന അധ്യാപകനെ പരീക്ഷചീഫായി നിയോഗിക്കും. ജൂൺ ഒന്നിന് പരീക്ഷ ആരംഭിക്കുന്നതിനാൽ കോളജുകൾ പരീക്ഷ നടത്തിപ്പിനാവശ്യമായ തയാറെടുപ്പുകൾ അടിയന്തരമായി നടത്തണമെന്ന് വൈസ് ചാൻസലർ അറിയിച്ചു. സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും നിർദേശങ്ങൾ കർശനമായി പാലിച്ചാണ് പരീക്ഷ നടത്തുക. ഇതിനായി കോളജുകൾക്ക് നിർദേശം നൽകും.
സർവകലാശാല. അന്തർസർവകലാശാല കേന്ദ്രങ്ങളുടെ പ്രവർത്തനം പഠിച്ച് റിപ്പോർട്ട് നൽകുന്നതിനായി വിദഗ്ധസമിതിയെ നിയോഗിക്കും. സർവകലാശാലയിൽ ഐ.ടി. സെൽ തുടങ്ങും. ഇതിനായി കരാർ അടിസ്ഥാനത്തിൽ സിസ്റ്റം മാനേജർ, രണ്ട് പ്രോഗ്രാമേഴ്സ് എന്നിവരെ നിയോഗിക്കും. വിദ്യാർഥി പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാർഥികളിൽനിന്നോ രക്ഷകർത്താക്കളിൽനിന്നോ അനധികൃതമായി ധനസമാഹരണം പാടില്ലെന്ന ഉത്തരവുകളും വ്യവസ്ഥകളും ലംഘിച്ച കൊച്ചിൽ കോളജ് മാനേജരെ നീക്കം ചെയ്യാൻ തീരുമാനിച്ചു. ഇതു സംബന്ധിച്ച് നിയോഗിച്ച അന്വേഷണകമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പ്രിൻസിപ്പൽമാരുമായി വീഡിയോ കോൺഫറൻസ്
പരീക്ഷ നടത്തിപ്പ് അടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി മഹാത്മാഗാന്ധി സർവകലാശാലയ്ക്കു കീഴിലുള്ള കോളജ് പ്രിൻസിപ്പൽമാരുമായി വൈസ് ചാൻസലർ ഉടൻ വീഡിയോ കോൺഫറൻസ് നടത്തും. സർവകലാശാലയ്ക്കു കീഴിലുള്ള പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, ആലപ്പുഴ എന്നിവിടങ്ങളിലെ കോളജ് പ്രിൻസിപ്പൽമാരുടെ വീഡിയോ കോൺഫറൻസ് ജില്ല തിരിച്ചാണ് നടക്കുക.