ന്യൂഡെൽഹി : കൊറോണ ബാധിച്ച് മലയാളി നഴ്സ് ഡെല്‍ഹിയിൽ മരിച്ചത് ആശുപത്രി അധിക്യതരുടെ അനാസ്ഥയും ചികിത്സ പിഴവും മൂലമെന്ന് കുടുംബം. വെന്റിലേറ്റർ സൗകര്യം കൃത്യ സമയത്ത് നൽകിയിരുന്നെങ്കിൽ ഇവരുടെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നത്. ഇക്കാര്യം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്ര ആരോഗ്യ മന്ത്രിക്കും ബന്ധുക്കള്‍ പരാതി നൽകും.
ഡൽഹി കൽറ ആശുപത്രിയിൽ ജീവനക്കാരിയായിരുന്നു. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ മുഴുകിയിരുന്ന അംബിക, നേരിയ പനിയും ചുമയുമായി കഴിഞ്ഞ രണ്ട് ദിവസമായി വിശ്രമത്തിലായിരുന്നു. മെയ് 24നാണ് ഇവരുടെ കൊറോണ പരിശോധനാഫലം വന്നത്. അന്ന് വൈകിട്ട് 3.45 ന് സഫ്ദർജംങ്ങ് ആശുപത്രിയിൽ മരണപ്പെടുകയും ചെയ്തു . പത്തനംതിട്ട വളളിക്കോട് സ്വദേശിനിയാണ് അംബിക.
ഗ്ലൌസും മാസ്കും ഉള്‍പ്പെടെ പിപിഇ കിറ്റുകള്‍ പുനരുപയോഗിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടതുകൊണ്ടാണ് അംബികക്ക് കൊറോണ ബാധയേറ്റതെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നത്. ഡോക്ടര്‍മാര്‍ക്ക് പുതിയ പിപിഇ കിറ്റുകള്‍ നല്‍കുമ്പോള്‍ നഴ്‌സ്മാരോട് ഉപയോഗിച്ച പി.പി.ഇ കിറ്റുകള്‍ വീണ്ടും വീണ്ടും ഉപയോഗിക്കാനാണ് പറയുന്നത്. കൊറോണ ആശുപത്രി അല്ലാത്തതിനാല്‍ കുഴപ്പമില്ലെന്ന് പറഞ്ഞ് ഉപയോഗിച്ച പി.പി.ഇ കിറ്റ് തന്നെ വീണ്ടും ഉപയോഗിക്കാന്‍ പറയാറുണ്ടെന്ന് അംബികയുടെ സഹപ്രവര്‍ത്തകർ പറയുന്നത്.
ഉപയോഗിച്ച പി.പി.ഇ കിറ്റുകള്‍ വീണ്ടും ഉപയോഗിക്കാന്‍ ആശുപത്രിക്കാർ നിര്‍ബന്ധിക്കുന്നുണ്ടെന്നും മാസ്‌കുകള്‍ക്ക് പണം ഈടാക്കുന്നുണ്ടെന്നും അമ്മ പറഞ്ഞതായി മകനും വെളിപ്പെടുത്തി. എന്നാല്‍ ഈ ആരോപണങ്ങളെയെല്ലാം
ആശുപത്രി ഉടമ ഡോ. ആര്‍.എന്‍ കാല്‍ നിഷേധിക്കുകയാണ് ചെയ്തത്. . പി.പി.ഇ കിറ്റുകള്‍ എല്ലാവര്‍ക്കും നല്‍കാറുണ്ടെന്നും ഇത് സംബന്ധിച്ച് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും ഡോ.കാല്‍റ പറഞ്ഞത്.
10 വര്‍ഷമായി കാല്‍റ ആശുപത്രിയിലാണ് അംബിക ജോലി ചെയ്തിരുന്നത്. ഇന്ത്യയിൽ കൊറോണ ബാധിച്ച് മരണപ്പെടുന്ന ആദ്യ മലയാളി സ്റ്റാഫ് നേഴ്സാണ് അംബിക.