ഈ വർഷവും പ്രളയം ; ഇടുക്കി ഡാമിന്റെ ജലനിരപ്പ് കുറയ്ക്കണമെന്ന് വൈദ്യുത ബോർഡ്‌

ഇടുക്കി : ഈ വർഷവും സംസ്ഥാനത്ത ഉണ്ടായേക്കാവുന്ന പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ഇടുക്കി ഡാമിന്റെ ജലനിരപ്പ് കുറയ്ക്കണമെന്ന് വൈദ്യുത ബോർഡ്‌. ഡാമിന്റെ ജലനിരപ്പ് 30 അടി കുറയ്ക്കണമെന്ന് വൈദ്യുതി ബോർഡിന്റെ പുതിയ മാനദണ്ഡം.

ഇടുക്കി ഡാമിന്റെ പരമാവധി സംഭരണ ശേഷി 2408 അടിയാണ് . എന്നാൽ കേന്ദ്ര ജല കമ്മീഷൻ അംഗീകരിച്ച ബോർഡിന്റെ പുതിയ എമർജൻസി ആക്ഷൻ പ്രോട്ടോക്കോൾ അനുസരിച്ച് ജൂൺ 10 വരെ ഡാമിന്റെ ജലനിരപ്പ് 2373 അടിയായി നിജപ്പെടുത്തണം. ഡാമിന്റെ 76 തമാനം മാത്രമേ ജലം സംഭരിക്കാവു. ജൂൺ 20ന് 2375 അടിയായും ജൂൺ 30ന് 2377 ആയും ജല നിരപ്പ് നിലനിർത്തണം. ജൂലൈ 10 ന് 2383 അടിയായും ആഗസ്റ്റ് 10ന് 2390 അടിയായും നിലനിർത്തണം എന്നാണ്.

ഇങ്ങനെ ക്രമാനുഗതമായി ഷട്ടർ തുറന്ന് വെള്ളം ഒഴുക്കി കളഞ്ഞു ജലനിരപ്പ് നിയന്ത്രിക്കണമെന്നാണ് നിർദേശം. എന്നാൽ, ഈ നിയന്ത്രണങ്ങൾ വൈദ്യുതി ബോർഡിന് കനത്ത ബാധ്യതയാകുമെന്നാണ് വിലയിരുത്തൽ. 

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 20 അടി വെള്ളം ഇപ്പോള്‍ കൂടുതലുണ്ടെങ്കിലും ആശങ്ക വേണ്ടെന്ന് കലക്ടറേറ്റില്‍ ചേര്‍ന്ന ഡാം സുരക്ഷാ യോഗത്തില്‍ നേരത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം 30 ദിവസത്തെ മഴയിലാണ് 2343ല്‍ നിന്ന് 2373 അടിയിലേക്ക് ജലനിരപ്പ് ഉയര്‍ന്നത്.