കൊച്ചി: മദ്യവിൽപ്പനക്ക് ടോക്കൺ നൽകാനുള്ള ബെവ് ക്യൂ ആപ്പിൻ്റെ ഒറിജിനൽ ഇറങ്ങും മുമ്പ് അതേ പേരിൽ വ്യാജനെത്തി. മദ്യ ഒഴിച്ച് വച്ച ഗ്ലാസിൻ്റെ ചിത്രത്തോടെ ബെവ്കോയുടെ പേരോട് കൂടിയുള്ള ആപ്പാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
നിലവിൽ പഞ്ചായത്ത് അടിസ്ഥാനത്തിൽ ബാറുകളുടേയും ബീവറേജസ് ഔട്ട് ലെറ്റുകളുടേയും വിവരങ്ങൾ എക്സൈസ് ശേഖരിച്ചു നൽകിയത് ഇന്ന് വൈകിട്ടാണ്. മദ്യ വിൽപ്പനശാലകളുടെ ലൊക്കേഷൻ അടക്കമുള്ള വിവരങ്ങൾ അപ് ലോഡ് ചെയ്യുന്ന ജോലി പൂർത്തിയാകുന്നതോടെ ആപ്പ് ലഭ്യമാകും.
ബെവ്ക്യൂ ആപ്പിന് ഗൂഗിളിന്‍റെ അനുമതി ലഭിച്ചതോടെ സംസ്ഥാനത്ത് മദ്യ വിൽപ്പന ശാലകൾ മറ്റന്നാൾ തുറക്കും. ആപ്പ് അധികം വൈകാതെ പ്ലേസ്റ്റോറില്‍ ലഭ്യമാകും. ഓൺലൈൻ ടോക്കണെടുത്ത് വ്യാഴാഴ്ച മുതൽ മദ്യം വിൽപ്പന തുടങ്ങുന്ന തരത്തിലാണ് ക്രമീകരണങ്ങൾ. നാളെ എക്സൈസ് മന്ത്രി വാര്‍ത്താ സമ്മേളനം നടത്തി ആപ്പിന്‍റെ വിശദാംശങ്ങൾ അറിയിക്കുമെന്നാണ് വിവരം.
സാങ്കേതിക നടപടി ക്രമങ്ങൾ പൂര്‍ത്തിയായതിനാൽ തുടര്‍ന്നുള്ള തീരുമാനങ്ങൾ ഇനി സര്‍ക്കാറിന്‍റേയും ബിവറേജസ് കോര്‍പറേഷന്‍റേയും ഭാഗത്ത് നിന്നാണ് ഉണ്ടാകേണ്ടതെന്നാണ് ആപ്പ് നിര്‍മ്മാതാക്കൾ വിശദീകരിക്കുന്നത്.