അടുത്ത പകർച്ചവ്യാധിയിൽ നിന്ന് മനുഷ്യരെ രക്ഷിക്കണമെങ്കിൽ അന്താരാഷ്ട്ര സഹകരണം വേണമെന്ന് ഷി ഷെങ്ലി

ബെയ്‌ജിങ്‌ : പലതരം പകർച്ചവ്യാധികൾക്കെതിരായ പോരാട്ടത്തിൽ അന്താരാഷ്ട്ര സഹകരണം ആവശ്യമാണെന്ന് ചൈനയുടെ “ബാറ്റ് വുമൺ” എന്നറിയപ്പെടുന്ന വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ഡെപ്യൂട്ടി ഡയറക്ടർ ഷി ഷെങ്ലി പറഞ്ഞു.
വവ്വാലുകളിലെ കൊറോണ വൈറസുകളെ കുറിച്ചുള്ള പഠനത്തിലൂടെ പ്രശസ്തയായവരാണ് ഷി.

വൈറസുകളെക്കുറിച്ചുള്ള ഗവേഷണത്തിന് ശാസ്ത്രജ്ഞരുടെയും സർക്കാരുകളുടെയും പ്രവർത്തങ്ങൾ സുതാര്യവും സഹകരണപരവുമായിരിക്കേണ്ടതുണ്ടെന്നും എന്നാൽ ഇത് രാഷ്ട്രീയവൽക്കരിക്കപ്പെടുമ്പോൾ അത് വളരെ ഖേദകരമാണെന്നും അവർ പറഞ്ഞു.

ലോകത്ത് അടുത്ത പകർച്ചവ്യാധി പടരുന്നതിൽ നിന്ന് മനുഷ്യരെ ഞങ്ങൾക്ക് രക്ഷിക്കണമെങ്കിൽ പ്രകൃതിയിൽ വന്യമൃഗങ്ങൾ വഹിക്കുന്ന ഈ അജ്ഞാത വൈറസുകളെക്കുറിച്ച് മനസിലാക്കാനും മുൻ‌കൂട്ടി മുന്നറിയിപ്പുകൾ നൽകാനും ഞങ്ങൾക്ക് കഴിയണം. അതിനു വേണ്ടി ഞങ്ങൾക്ക് ഇവയെല്ലാം കുറിച്ച് കൂടുതൽ പഠിക്കണം അതുപഠിക്കാൻ നാം തയ്യാറായില്ലെങ്കിൽ വീണ്ടുമൊരു പൊട്ടിത്തെറി ഉണ്ടായേക്കാം എന്നാണ് ഷി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

നാഷണൽ പീപ്പിൾസ് കോൺഗ്രസ് ആരംഭിച്ച സമയത്താണ് ഷിയുടെ അഭിമുഖവും സിജിടിഎൻ ടെലിവിഷൻ ചാനലിൽ സംപ്രക്ഷേണം ചെയ്തിരിക്കുന്നത്. ചൈനയിലെ ഉന്നതോദ്യോഗസ്ഥർ ബെയ്ജിങ്ങിൽ നടത്തുന്ന വാർഷികസമ്മേളനമാണ് എൻപിസി.

യുഎസുമായുള്ള ചൈനയുടെ ബന്ധം വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തവണ എൻപിസി നടക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും, സ്റ്റേറ്റ് സെക്രട്ടറി മൈക്കൽ പോംപിയോയും കൊറോണ വൈറസ് ചൈനീസ് ലാബിൽ നിന്നുണ്ടായതാണെന്ന വാദം ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ ഈ ആരോപണത്തെ ചൈന തുടക്കം മുതൽ എതിർക്കുന്നുണ്ട്.

അതേസമയം കൊറോണ വൈറസ്‌ വ്യാപനവുമായി ഷി യുടെ ലാബിനു ഒരു ബന്ധവുമില്ല എന്നു ഷി നേരത്തെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. കൊറോണ വൈറസ്‌ വുഹാൻ ലാബിൽ നിന്നും പുറത്തു വന്നതാണ് എന്ന ആശയം കെട്ടിച്ചമച്ചതാണെന്ന് വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ഡയറക്ടർ വാങ് യാനി പറഞ്ഞു.