അഹമ്മദാബാദ് : ഭക്ഷണവും വെള്ളവുമില്ലാതെ 76 വര്‍ഷം ജീവിച്ചെന്ന് അവകാശപ്പെട്ട പ്രഹ്‌ളാദ് ജാനിയെന്ന ചുന്‍രിവാല മാതാജി(90) അന്തരിച്ചു. ഗുജറാത്തിലെ ഗാന്ധിനഗറിലായിരുന്നു അന്ത്യം. ജനിച്ച സ്ഥലത്ത് കുറച്ചുദിവസം കഴിയണമെന്ന ആഗ്രഹത്തില്‍ ജന്മദേശമായ ഛരദയിലേക്ക് ജാനി പോയിരുന്നു. പതിന്നാലാം വയസില്‍ ജാനി ആഹാരവും വെള്ളവും ഉപേക്ഷിച്ചതാണെന്നാണ് അനുയായികള്‍ പറയുന്നു.
ചെറുപ്പത്തിലേ വീടുവിട്ടിറങ്ങി. അംബ ദേവിയുടെ കടുത്ത വിശ്വാസിയെന്നതിനാല്‍ സ്ത്രീകളെപ്പോലെ ചുവന്ന സാരിയാണ് ജാനി ധരിച്ചിരുന്നത്. ചുന്നരിവാല മാതാജിയെന്ന് ഇദ്ദേഹം അറിയപ്പെടാന്‍ കാരണമിതാണ്. ആശ്രമത്തിലെത്തി ഭക്തര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിന് രണ്ടു ദിവസം മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കും. വ്യാഴാഴ്ചയാണ് സംസ്‌കാരം.
എഴുപത്തിയാറു വർഷത്തോളം ആഹാരമോ വെള്ളമോ കഴിക്കാതെ ജീവിച്ചിരുന്നതായി ജാനി അവകാശപ്പെട്ടിരുന്നു. ഇതേത്തുടർന്ന് 2003ലും 2010ലും ശാസ്ത്രജ്ഞർ പരിശോധന നടത്തുകയും ചെയ്തിരുന്നു.