വാഷിംഗ്ടണ്‍: ബ്രസീലില്‍ കൊറോണ വ്യാപനം വര്‍ധിക്കുന്നതിന്റെ അടിസ്ഥാനത്തിൽ ബ്രസീലില്‍ നിന്നുള്ളവര്‍ക്ക് അമേരിക്കയിലേക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി. അമേരിക്കയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന വിദേശപൗരന്മാര്‍ അമേരിക്കയില്‍ പ്രവേശിക്കുന്നതിന് മുന്നുള്ള 14 ദിവസങ്ങളില്‍ ബ്രസീലില്‍ ഉണ്ടായിരുന്നെങ്കില്‍ അവര്‍ക്ക് പ്രവേശനാനുമതി നിഷേധിക്കുമെന്ന് വൈറ്റ് ഹൗസ് സെക്രട്ടറി കെയ്‌ലി മക്ഇനാനി അറിയിച്ചു.
കൂടാതെ ബ്രസീലിൽ കഴിയുന്ന വിദേശപൗരന്മാർ അമേരിക്കയിൽ അധിക വൈറസ് വ്യാപനത്തിന് കാരണമാകുന്നില്ലെന്ന് ഉറപ്പിക്കാൻ പുതിയ നടപടി സഹായിക്കുമെന്ന് കെയ്ലി കൂട്ടിച്ചേർത്തു.എന്നാല്‍ ഈ പുതിയ തീരുമാനം വ്യാപാരത്തെ ബാധിക്കില്ലെന്ന് കെയ്‌ലി മക്ഇനാനി വ്യക്തമാക്കിയത്. അതേസമയം കൊറോണ ബാധിച്ച മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള യാത്ര അമേരിക്ക താല്‍ക്കാലികമായി നിര്‍ത്തിവച്ച നടപടികള്‍ക്ക് സമാനമാണ് അമേരിക്കയുടെ ഈ പുതിയ തീരുമാനമെന്നും ഇത് ബ്രസീലിന് മാത്രമായല്ലെന്നുമാണ് ബ്രസീല്‍ വിദേശകാര്യമന്ത്രാലയം യാത്രാ വിലക്കിനോട് പ്രതികരിച്ചത്.
നേരത്തേ ചൈന, ഇറാന്‍, ബ്രിട്ടണ്‍, അയര്‍ലന്‍ഡ്, യൂറോപ്യന്‍ യൂണിയന്റെ ഷെങ്കന്‍ സോണ്‍ എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് കൊറോണ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ അമേരിക്ക യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
ബ്രസീലില്‍ ഇതുവരെ 3,63,211 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പോലെ ബ്രസീലിയൻ പ്രസിഡന്റ് ജെയർ ബോൾസോനാരോയും കൊറോണ പ്രതിസന്ധിയെ വിലകുറച്ചാണ് കണ്ടിരുന്നത്. പൊതുജനം വീട്ടിൽ തുടരുന്നത് ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയെ ബാധിക്കുമെന്നും അദ്ദേഹം വാദിച്ചിരുന്നു.