പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ സാൻ ഫ്രാൻസിസ്കോയിലെ പിയർ 45 ൽ വൻ തീപിടിത്തം

സാൽഫ്രാൻസിസ്കോ : സാൻ ഫ്രാൻസിസ്കോയിലെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ ഫിഷർമാൻ വാർഫിലെ പിയർ 45 ൽ വൻ തീപിടിത്തം. തീപിടുത്തത്തിൽ പ്രാദേശത്തിന്റെ നാലിലൊന്ന് ഭാഗം നശിച്ചതായാണ് പ്രാഥമിക റിപോർട്ടുകൾ. കഴിഞ്ഞ ദിവസം പുലർച്ചെ 4:17 നാണ് തീപിടിത്തം ആദ്യം റിപ്പോർട്ട് ചെയ്തത്.

പ്രശസ്തമായ ടൂറിസ്റ്റ് ഏരിയയായ പിയർ 39 ൽ നിന്ന് അകലയല്ല പിയർ45. തീപിടിത്തത്തെ തുടർന്നു സമീപത്തുള്ള ചില ബിസിനസുകൾ പോലെയുള്ള സ്ഥാപനങ്ങൾ പൂർണ്ണമായും ഒഴിപ്പിച്ചതായി അഗ്നിശമന വകുപ്പ് അറിയിച്ചു. അതേസമയം ഇതുവരെ ആളപായം ഒന്നും തന്നെ റിപ്പോർട്ട്‌ ചെയ്തിട്ടില്ല.

തീപിടിത്തത്തിന്റെ കാരണം അന്വേഷിക്കുന്നുണ്ടെങ്കിലും ഫലം കിട്ടാൻ ആഴ്ചകളോളം കഴിയുമെന്നാണ്
സാൻ ഫ്രാൻസിസ്കോ അഗ്നിശമന വകുപ്പിലെ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ ലഫ്റ്റനന്റ് ജോനാഥൻ ബാക്‍സ്റ്റർ പറഞ്ഞത്.

തീപിടുത്തത്തിൽ പിയറിന്റെ തെക്ക് ഭാഗത്തെ കെട്ടിടം ഭാഗികമായി തകർന്നതും പിയറിലെ രണ്ട് കെട്ടിടങ്ങളിലേക്ക് തീ വ്യാപിച്ചതും പ്രാദേശത്തിന്റെ മൂന്നിലൊന്ന് ഭാഗം വരെ തീ പടർന്നതായും അഗ്നി സേന വിഭാഗം അറിയിച്ചു. 150 ലധികം അഗ്നിശമന സേനാംഗങ്ങൾ ആണ് പിയറിലെ തീയണക്കാനായി ശ്രമിക്കുന്നത്. ഒരു അഗ്നിശമന സേന അംഗത്തിന്റെ കൈയ്ക്ക് സാരമായ മുറിവുണ്ടായിരുന്നു. ഇദ്ദേഹത്തിന് ചികിത്സ നൽകി പ്രാദേശിക ആശുപത്രിയിൽ നിന്ന് വിട്ടയച്ചിട്ടുണ്ട്. ഇതുവരെ മറ്റ് പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

രണ്ടാം ലോകമഹായുദ്ധ കപ്പലായ ആർഎസ്എസ് ജെറമിയ ഓബ്രിയൻ അഗ്നി ബോട്ടുകളുടെ സഹായമില്ലാതെ തീയിൽ നഷ്ടപ്പെടുമായിരുന്നുവെന്ന് ബാക്‍സ്റ്റർ പറഞ്ഞു.ഫയർ ബോട്ടുകളിൽ മൂന്നെണം അതിശയകരമായ ജോലി ചെയ്‌തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.