ഇന്ത്യൻ ഹോക്കി ഇതിഹാസം ബൽ‌ബീർ സിംഗ് ദൊസഞ്ജ് അന്തരിച്ചു

മൊഹാലി: ഇന്ത്യൻ ഹോക്കി ഇതിഹാസവും ഒളിമ്പിക്സ് സ്വർണമെഡൽ ജേതാവുമായ ബൽ‌ബീർ സിംഗ് ദൊസഞ്ജ്
അന്തരിച്ചു. 95 വയസ്സായിരുന്നു. ശ്വാസ കോശ സംബന്ധമായ അസുഖം മൂലം ഏറെക്കാലമായി ഇദ്ദേഹം ചികിത്സയിൽ ആയിരുന്നു. ഇന്ന് രാവിലെ ആറരയോടെ ഹൃദ്രോഗത്തെ തുടർന്നാണ് ഇദ്ദേഹം മരിച്ചത്.

മെയ് 12 നാണ് പക്ഷാഘാതത്തെ തുടർന്നാണ് മൊഹാലിയിലെ ഫോർട്ടിസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ന്യുമോണിയ ബാധിച്ച ഇദ്ദേഹത്തിന് രണ്ട് പ്രാവശ്യം ഹൃദ്രോഗബാധയുണ്ടായിരുന്നു. താമസിയാതെ ഇദ്ദേഹത്തെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു.

ഇന്ത്യക്കുവേണ്ടി മൂന്ന് തവണ ബല്‍ബീര്‍ സിംഗിന്റെ ഹോക്കി ടീം ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയിരുന്നു.1948 ലെ ലണ്ടന്‍ ഒളിമ്പിക്‌സിലും, 1952 ല്‍ ഹെല്‍സിങ്കിയിലും, 1956 മെല്‍ബണ്‍ ഒളിമ്പിക്‌സിലും ഇന്ത്യക്കുവേണ്ടി സ്വര്‍ണം നേടിയ ടീമില്‍ അംഗമായിരുന്നു ബല്‍ബീര്‍ സിംഗ്. 1952 ഹെല്‍സിങ്കി ഒളിമ്പിക്‌സില്‍ ഇന്ത്യ നെതര്‍ലണ്ടിനെതിരെ ജയിച്ചപ്പോൾ അഞ്ച് ഗോളും ബല്‍ബീര്‍ സിംഗിന്റെ വകയായിരുന്നു.

ഒളിമ്പിക്‌സ് പുരുഷ ഹോക്കിയില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ എന്ന അദ്ദേഹത്തിന്റെ ഈ റെക്കോര്‍ഡ് ഇതുവരെയും ആരും മറികടന്നിട്ടില്ല. 1975 ല്‍ മെന്‍സ് ഹോക്കി ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ ഹെഡ് കോച്ച് കൂടിയായിരുന്നു ബല്‍ബീര്‍ സിംഗ്.  

എക്കാലത്തെയും മികച്ച താരങ്ങളായി അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി തെരഞ്ഞെടുത്ത 16 മാന്ത്രികരിൽ ഉൾപ്പെട്ട ഏക ഇന്ത്യൻ താരമാണ് ബൽബീർ. ഒളിംപിക്സ് ഫൈനലിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരത്തിനുള്ള ബൽബീറിന്‍റെ ലോക റെക്കോഡ് ഇന്നും നിലനിൽക്കുന്നു.

കഴിഞ്ഞ വർഷം ജനുവരിയിൽ ന്യുമോണിയയെത്തുടർന്ന് ഇദ്ദേഹം 108 ദിവസം ആശുപത്രിയിൽ കഴിഞ്ഞിരുന്നു. തുടർന്ന് അസുഖം ഭേദപെട്ടപ്പോൾ ഇദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തിരുന്നു.