ആഭ്യന്തര വിമാന സർവിസുകൾ റദ്ദാക്കി; ഡൽഹിയിലും മുംബൈയിലും യാത്രക്കാരുടെ പ്രതിഷേധം

മുംബൈ: ആഭ്യന്തര വിമാന സർവിസുകൾ റദ്ദാക്കിയതിനെ തുടർന്ന്​ ഡൽഹിയിലും മുംബൈയിലും യാത്രക്കാരുടെ പ്രതിഷേധം. കൊറോണ മഹാമാരിയെ തുടർന്നുണ്ടായ ലോക് ഡൗണിനു ശേഷം ഇന്നാണ് ആഭ്യന്തര വിമാന സർവിസുകൾ പുനരാരംഭിച്ചത്. എന്നാൽ ഡൽഹിയിലേക്കും, ഡൽഹിയിൽ നിന്നുമുള്ള 80 വിമാന സർവിസുകള്‍​ അവസാന നിമിഷം റദ്ദാക്കുകയായിരുന്നു​.

വിമാനം റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ യാത്രക്കാരെ അറിയിച്ചിരുന്നില്ല. വിമാനത്താവളത്തില്‍ എത്തിയതിനു ശേഷമാണ്​ വിമാന സർവിസുകൾ റദ്ദാക്കിയ വിവരം അറിയുന്നത്. അവസാന നിമിഷം വരെയും വിമാനം റദ്ദാക്കുന്ന വിവരം അറിയിക്കാത്തതിനെ തുടർന്ന്​ യാത്രക്കാർ ദേഷ്യപ്പെട്ടു.

ഡൽഹിക്ക്​ പുറമെ മുംബൈ ഛത്രപതി ശിവാജി വിമാനത്താവളത്തിലും സമാന സംഭവങ്ങളാണ് ഉണ്ടായത്. വിമാനം റദ്ദാക്കിയതിനെ തുടർന്ന്​ നിരവധി യാത്രക്കാർ വിമാനത്താവളത്തിന്​ പുറത്ത്​ കുത്തിയിരുന്നു പ്രതിഷേധിക്കുകയായിരുന്നു.

രാജ്യത്തെ തിര​ക്കേറിയ രണ്ടു വിമാനത്താവളങ്ങളാണ്​ ഡൽഹിയും മുംബൈയും. ലോക്​ഡൗണിനെ തുടർന്ന്​ ആഭ്യന്തര, അന്തരാഷ്​ട്ര വിമാന സർവിസുകൾ നിർത്തിവെച്ചിരിക്കുകയായിരുന്നു. രണ്ടുമാസത്തെ ഇടവേളക്ക്​ ശേഷമാണ്​ വിമാന സർവിസുകൾ ഇന്ന് പുനരാരംഭിച്ചത്.