കൊറോണ സാമൂഹിക വ്യാപനം കണ്ടെത്താൻ നാളെ 3000 പേരുടെ റാൻഡം പരിശോധന

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുന്ന പശ്ചാത്തലത്തിൽ സാമൂഹിക വ്യാപനം ഉണ്ടായിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിനായി നാളെ റാൻഡം കൊറോണ പരിശോധന നടത്തും. ഒറ്റ ദിവസം 3000 പേരുടെ സാമ്പിളുകളായിരിക്കും പരിശോധനക്കായി എടുക്കുക. ഹോട്ട്​സ്​പോട്ട് പ്രദേശത്തെ ഉള്ളവരുടെയടക്കം സാമ്പിളുകൾ ശേഖരിക്കും

കഴിഞ്ഞ ഒരാഴ്​ചയായി സംസ്​ഥാനത്തെ കോവിഡ്​ രോഗികളുടെ എണ്ണം കുത്തനെ ഉയർന്നിരുന്നു. ഞായറാഴ്​ച മാത്രം 53 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.മേയ്​ 23 ന്​ 62 പേർക്കും 22ന്​ 42 പേർക്കുമാണ്​ രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഇതിൽ നിരവധി പേരുടെ രോഗബാധയുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. ഈ സാഹചര്യത്തിലാണ്​ റാൻഡം സാമ്പിൾ പരിശോധന നടത്താൻ തീരുമാനിച്ചത്

സമൂഹത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരെ റാൻഡം രീതിയിൽ തിരഞ്ഞെടുത്തുള്ള സാമ്പിൾ പരിശോധന സംസ്ഥാനത്ത് രണ്ടാം തവണയാണ് നടത്തുന്നത്. കൊറോണ ലക്ഷണമോ, രോഗിയുമായി സമ്പർക്കമോ ഇല്ലാത്തവർ, സമീപകാലത്ത് വിദേശയാത്രാ ചരിത്രമില്ലാത്തവർ, മുതിർന്ന പൗരന്മാർ, ഗർഭിണികൾ തുടങ്ങിയവരിൽ നിന്നാണ് സാമ്പിളുകൾ ശേഖരിക്കുക. ഇവ പി സി ആര്‍ പരിശോധനയ്ക്ക് വിധേയമാക്കി രോഗ നിര്‍ണയം നടത്തും. രണ്ടു ദിവസത്തിനകം പരിശോധനാ ഫലം ലഭിക്കുമെന്നാണ് വിലയിരുത്തല്‍

നേരത്തെ ഏപ്രിൽ 26നാണ് സംസ്ഥാനത്ത് സമാനമായ രീതിയിൽ പരിശോധന നടന്നത്. അന്ന് സംസ്ഥാനത്ത് മൂവായിരത്തിലധികം സാമ്പിളുകൾ പരിശോധിച്ചതിൽ നാലുപേർക്ക് കൊറോണ കണ്ടെത്തിയിരുന്നു.